
കളമശേരി: യുവതലമുറയെ ലഹരിയിൽ നിന്ന് അകറ്റുന്നതിനും ലോകകപ്പിനെ വരവേൽക്കുന്നതിനുമായി ജില്ലാ യുവജന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ഏലൂർ നഗരസഭയിലെ ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ ഫുട്ബാൾ ടൂർണമെന്റ് സംഘടിപ്പിച്ചു.
ഒന്നാം സ്ഥാനം നേടിയ സോക്കർ സെവൻസ് 25000 രൂപ കാഷ് പ്രൈസും ട്രോഫിയും കരസ്ഥമാക്കി. രണ്ടാം സമ്മാനമായ 15000 രൂപ കാഷ് പ്രൈസും ട്രോഫിയും കൊച്ചിൻ ബീച്ചും മൂന്നാം സമ്മാനമായ 10000 രൂപയും ട്രോഫിയും നാസ് കറുകുറ്റിയും സ്വന്തമാക്കി.
ഏലൂർ നഗരസഭാ ചെയർമാൻ എ.ഡി.സുജിൽ സമ്മാനദാനം നിർവഹിച്ചു. ജില്ലാ യൂത്ത് കോ ഓർഡിനേറ്റർ എ.ആർ.രഞ്ജിത്ത് അദ്ധ്യക്ഷത വഹിച്ചു. മുനിസിപ്പൽ കോ ഓർഡിനേറ്റർ സി.എ. അജീഷ്, യുവത കോ ഓർഡിനേറ്റർ മീനു സുകുമാരൻ എന്നിവർ സംസാരിച്ചു.