p-rajeev-pressmeet
കരുമാല്ലൂർ പഞ്ചായത്ത് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ മന്ത്രി പി. രാജീവ് സംസാരിക്കുന്നു

പറവൂർ: ആനച്ചാൽ തണ്ണീർത്തടം നികത്തി വ്യവസായവകുപ്പ് ഒരുപദ്ധതിക്കും അനുമതി നൽകിയിട്ടില്ലെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. മീറ്റ് ദി ഇൻവെസ്റ്റർ പരിപാടിയിൽവച്ചു ഒരുവ്യവസായ ഗ്രൂപ്പ് സമീപിച്ചപ്പോൾ പ്രോജക്ടിനെക്കുറിച്ചു വിശദമായ ചർച്ച നടത്തി റിപ്പോർട്ട് തയാറാക്കാനാണ് ആവശ്യപ്പെട്ടത്. ഭൂമിയുടെ സ്വഭാവം ഉൾപ്പടെയുള്ള കാര്യങ്ങൾ പരിശോധിച്ച് ഏറ്റെടുത്ത് നൽകുന്നത് റവന്യൂ അധികൃതരാണ്. അനുമതി നൽകിയ പ്രൊജക്ടുകളെ സംബന്ധിധിച്ചുള്ള എല്ലാ വിവരങ്ങളും വകുപ്പിന്റെ വെബ്സൈറ്റിൽ ലഭ്യമാണ്.

റവന്യൂ വകുപ്പ് പരിശോധന നടത്തി എല്ലാ കാര്യങ്ങളും കൃത്യമാണെങ്കിൽ മാത്രമാണ് വ്യവസായം തുടങ്ങാൻ അനുവാദം നൽകുക. ഇതുമായി ബന്ധപ്പെട്ട് സി.പി.എം നേതാവിന് മർദനമേറ്റ വിഷയങ്ങളും മറ്റു പ്രതിഷേധങ്ങളും ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്നു മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥർ അനധികൃതമായി നികത്താൻ ഒത്താശ ചെയ്തിട്ടുണ്ടെങ്കിൽ റവന്യൂവകുപ്പും മറ്റു ബന്ധപ്പെട്ടവരുമാണ് നടപടിയെടുക്കേണ്ടതെന്ന് മന്ത്രി പറഞ്ഞു.

*തണ്ണീർത്തടം നികത്തലിന് സ്റ്റോപ്പ് മെമ്മോ

ആനച്ചാലിലെ അനധികൃത തണ്ണീർത്തടം നികത്തലിന് കോട്ടുവള്ളി വില്ലേജ് ഓഫീസർ സ്റ്റോപ്പ് മെമ്മോ നൽകി. പറവൂർ താലൂക്ക് സർവേയറുടെ നേതൃത്വത്തിൽ പരിശോധന നടത്തിയിരുന്നു. തരംമാറ്റം അനുവദിച്ചിട്ടില്ലാത്ത ആറോളം സർവേ നമ്പറുകളിൽപ്പെട്ട ഭൂമിയിൽ മണ്ണടിച്ച് നികത്തിയതായി കണ്ടെത്തിയതിനെത്തുടർന്നാണ് നടപടി. നെൽവയൽ തണ്ണീർത്തട സംരക്ഷണനിയമം ലംഘിച്ചാണ് നിർമ്മാണ പ്രവർത്തനങ്ങൾ നടക്കുന്നതെന്ന് കണ്ടെത്തിയിട്ടുണ്ട്. അതിനാൽ അനധികൃത നിർമാണ പ്രവർത്തനങ്ങൾ ഉടൻ നിറുത്തിവയ്ക്കണമെന്നും അനുവാദം നൽകിയിട്ടില്ലാത്ത സർവേ നമ്പറുകളിലെ ഭൂമിയിലിട്ട മണ്ണ് അടിയന്തമായി നീക്കംചെയ്തു ഭൂമി പൂർവസ്ഥിതിയിലാക്കണമെന്നും സ്റ്റോപ്പ് മെമ്മോയിലുണ്ട്.