* അജു ഫൗണ്ടേഷൻ അവാർഡ് ഡോ.ടി.കെ. ജയകുമാറിന് സമ്മാനിച്ചു
മൂവാറ്റുപുഴ: ദൈവത്തിന്റെ സ്വന്തം നാടിനെ ചെകുത്താന്മാരുടെ നാടാക്കിത്തീർക്കുവാൻ സാംസ്കാരിക കേരളം അനുവദിക്കില്ലെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി വി.എൻ. വാസവൻ പറഞ്ഞു. 2022ലെ അജുഫൗണ്ടഷൻ അവാർഡ് ഡോ. ടി.കെ. ജയകുമാറിന് നൽകിയശേഷം മൂവാറ്റുപുഴ കബനിപാലസിൽ നടന്നസാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
നവോത്ഥാന നായകന്മാർ ഉഴുതുമറിച്ച മണ്ണിൽ വീണ്ടും അന്ധവിശ്വാസത്തിന്റേയും അനാചാരത്തിന്റേയും വിത്ത് വിതക്കുവാൻ നോക്കുന്നവർക്കെതിരെ സാംസ്കാരികകേരളം ഒന്നായി പ്രതികരിക്കണം, കേരളത്തെ സമ്പന്നസാംസ്കാരിക കേരളമായി നിലനിറുത്തുവാൻ മുഴുവൻ സാഹിത്യ സാംസ്കാരിക നായകന്മാരെയും പങ്കെടുപ്പിച്ച് ഒരുവർഷം നീണ്ടുനിൽക്കുന്ന സാംസ്കാരിക നവോത്ഥാന പദ്ധതികൾക്കാണ് സാംസ്കാരികവകുപ്പ് പദ്ധതിയിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡി. ശ്രീമാൻ നമ്പൂതിരിയുടെ പേരിൽ അജു ഫൗണ്ടേഷൻ നൽകുന്ന അവാർഡിനായി ഡോ. ടി.കെ. ജയകുമാറിനെ തിരഞ്ഞെടുത്തത് ദീർഘദൃഷ്ടിയുടെ നേർക്കാഴ്ചയാണെന്ന് ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ച സാംസ്കാരിക ഫൗണ്ടേഷൻ ചെയർമാൻകൂടിയായ പ്രൊഫ. എം.കെ. സാനു പറഞ്ഞു. ഫൗണ്ടേഷൻ ഡയറക്ടർ ഗോപി കോട്ടമുറിക്കൽ ആമുഖ പ്രഭാഷണം നടത്തി. വി. രാജശേഖരൻനായർ എൻഡോവ്മെന്റിനായി തിരഞ്ഞെടുത്ത നഴ്സ് ലിനിക്കുള്ള എൻഡോവ്മെന്റ് ലിനിയുടെ മാതാവ് രാധയും രണ്ട് മക്കളും ചേർന്ന് മുൻ എം.പി ഡോ. സെബാസ്റ്റ്യൻ പോളിൽനിന്ന് ഏറ്റുവാങ്ങി.
മുൻ എസ്.ഇ.ആർ.ടി ഡയറക്ടർ ജെ. പ്രസാദ്, കമാൻഡർ ഷെവലിയാർ സി.കെ.ഷാജി, അഡ്വ. ടി.കെ. റഷീദ്, അഡ്വ. ടി.വി. അനിത, അജേഷ് കോട്ടമുറിക്കൽ, രജീഷ് ഗോപിനാഥ് , എസ്.എൻ.ഡി.പി യോഗം മൂവാറ്റുപുഴ യൂണിയൻ പ്രസിഡന്റ് വി.കെ. നാരായണൻ, സെക്രട്ടറി അഡ്വ. എ.കെ. അനിൽകുമാർ, ഡോ. ആന്റണി പുത്തൻകുളം, ഫാ. ജോർജ് മാന്തോട്ടം, സ്വാമി അക്ഷയ ആത്മാനന്ദ, ചരിത്രകാരൻ എസ്. മോഹൻദാസ്, നിർമ്മല കോളേജ് പ്രിൻസിപ്പൽ ഡോ. കെ.വി. തോമസ് എന്നിവർ സംസാരിച്ചു.