കോലഞ്ചേരി: കാലിത്തീറ്റയുടെ വിലവർദ്ധനവ് ക്ഷീരകർഷകരുടെ നടുവൊടിക്കുന്നു. സർക്കാർ നിയന്ത്രണത്തിലുള്ള മിൽമ, കെ.എസ്.എഫ് കാലിത്തീറ്റകൾക്ക് ഒരു മാസത്തിനിടെ 140 രൂപയാണ് ചാക്കൊന്നിന് വില കൂടിയത്. ഉത്പാദന ചെലവും വരുമാനവും തമ്മിൽ കൂട്ടിമുട്ടിക്കാൻ പാടുപെടുമ്പോഴാണ് ഇടിത്തീയായി വിലഉയർന്നത്. നിലവിൽ സർക്കാർ നിർമ്മിക്കുന്ന കാലിത്തീറ്റവില അമ്പതുകിലോ ചാക്കിന് 1480 രൂപയായപ്പോൾ 1350 രൂപയ്ക്ക് സ്വകാര്യ കമ്പനികളുടെ തീറ്റ വിപണിയിൽ ലഭിക്കും.
കാലാവസ്ഥാ വ്യതിയാനങ്ങൾ പാലുത്പാദനത്തെ സാരമായി ബാധിച്ചിരിക്കെയാണ് കാലിത്തീറ്റ വിലയും ഉയർന്നത്. സാധാരണ കർഷകർ ബാങ്ക് വായ്പയെടുത്താണ് രംഗത്ത് പിടിച്ചുനിൽക്കുന്നത്. വരുമാനം കുറഞ്ഞതോടെ പലരുടെയും വായ്പാതിരിച്ചടവ് മുടങ്ങി. ഒരുലിറ്റർ പാൽ അളന്നാൽ 33 മുതൽ 38 രൂപ വരെയാണ് കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്നത്. 48രൂപ പാലിന് വിലയുള്ളപ്പോഴാണ് കൊഴുപ്പിന്റെ അടിസ്ഥാനത്തിൽ വില കുത്തനെ കുറക്കുന്നത്. ഈനിലയിൽ മുന്നോട്ടുപോയാൽ ക്ഷീരകർഷകർ കളംവിടേണ്ടി വരുമെന്നാണ് ആശങ്ക.
* അസംസ്‌കൃത വസ്തുക്കൾക്ക് വില വർദ്ധിച്ചു
അസംസ്‌കൃത വസ്തുക്കൾക്കുണ്ടായ വിലക്കയറ്റമാണ് സംസ്ഥാനത്തെ ബാധിച്ചത്. കാലിത്തീറ്റക്ക് പ്രധാനമായും ഉപയോഗിക്കുന്നത് ചോളമാണ്. ചോളത്തിന്റെ വിളവെടുപ്പ് സീസൺ കഴിഞ്ഞതോടെ വില അടിക്കടി ഉയരുന്നതായി പറയുന്നു.
ഒരുലിറ്റർ പാലിന് 45 - 48 രൂപയെങ്കിലും അടിസ്ഥാന വിലയായി കിട്ടിയാലേ നഷ്ടമില്ലാതെ പിടിച്ചുനിൽക്കാൻ കഴിയൂവെന്നാണ് കർഷകർ പറയുന്നത്. നേരത്തെ ചാണകവില്പനയിലൂടെയും കർഷകന് നല്ല വരുമാനം ലഭിച്ചിരുന്നു. റബർ വില ഇടിഞ്ഞതോടെ റബർകർഷകരും ചാണകം ഉപയോഗിക്കുന്നില്ല. ഇതോടെ വില ലോഡൊന്നിന് 600- 700ൽ എത്തി.
* തീറ്റയിൽ ചേർക്കുന്നത്
എന്തൊക്കെയെന്നറിയണം
കാലിത്തീറ്റയിൽ ചേർക്കുന്ന അസംസ്‌കൃത വസ്തുക്കൾ എന്തെല്ലാമാണെന്നത് ഒരു കമ്പനിയും ചാക്കിന് പുറത്ത് രേഖപ്പെടുത്തുന്നില്ല. നിലവാരം കുറഞ്ഞ ഉത്പന്നങ്ങൾ ചേർക്കുന്നത് പാലുത്പാദനത്തെ ബാധിക്കാറുണ്ട്. ഈ രീതി മാറണം. കമ്പനികൾക്ക് പറയുന്ന വില നൽകുമ്പോൾ കർഷകന് തീറ്റയിൽ ചേർത്തത് എന്തൊക്കെയാണ് എന്നതറിയാനുള്ള അവകാശമുണ്ട്.
സി.കെ. അരുൺ നെല്ലാട്,
ജില്ലാ സെക്രട്ടറി, ക്ഷീരസമൃദ്ധി