
കൊച്ചി: ഓൺലൈൻ ഡേറ്റിംഗ് ആപ്ലിക്കേഷനുകൾ ഉപയോഗിക്കുന്ന കുട്ടികളുടെ എണ്ണം വർദ്ധിക്കുന്നു. സമൂഹമാദ്ധ്യമങ്ങളിലെ പരസ്യങ്ങൾ വഴിയും മുതിർന്നവരുമായുള്ള സുഹൃദ് ബന്ധങ്ങൾ വഴിയുമാണ് കുട്ടികൾ ഇത്തരം ഡേറ്റിംഗ് ആപ്പുകളിലേക്കെത്തുന്നത്. ഇത്തരം ആപ്പുകളിൽ രജിസ്റ്റർ ചെയ്യാൻ 18 വയസ് തികയണം. തെറ്റായ ജനന തിയതി നൽകിയാണ് കുട്ടികൾ ഇവ ഉപയോഗിക്കുന്നത്. പരിചയപ്പെടുന്നവരുമായി കുട്ടികൾ അതിവേഗം ബന്ധം സ്ഥാപിക്കും. പിന്നാലെ ഇൻസ്റ്റഗ്രാമിലേക്കും വാട്സാപ്പിലേക്കും ബന്ധം വളരും. സ്കൂളിലേക്കുള്ള യാത്രയിലും മറ്റും നുണകൾ പറഞ്ഞും കുട്ടികൾ ഇവരെ കാണാൻ പോകും. ഉത്സാഹത്തോടെ ഇടപഴകിയിരുന്ന കുട്ടികൾ മുറികളിലേക്ക് ഒതുങ്ങുകയും പെരുമാറ്റത്തിൽ അസ്വാഭാവികത കാട്ടുകയും ചെയ്താൽ ശ്രദ്ധിക്കണം.
ലഹരിയിലേക്കുള്ള വഴി
ഡേറ്റിംഗ് ആപ്പുകളിൽ നിന്ന് പരിചയപ്പെടുന്നവരോട് കുട്ടികൾക്ക് അമിത വിശ്വാസം ഉണ്ടാവുകയും ഇവരോട് വലിയ അടുപ്പം തോന്നുകയും ചെയ്യും. പ്രലോഭനം ഉൾക്കൊണ്ട് കുട്ടികൾക്ക് പല ലഹരികളും ഉപയോഗിച്ച് തുടങ്ങും. ഇത്തരത്തിൽ പലകുട്ടികളും പീഡനത്തിന് ഇരയായിട്ടുണ്ടെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികളെ ലഹരി ഇടപാടുകൾക്ക് നിർബന്ധിക്കുന്നവരുമുണ്ട്.
പേരന്റൽ കൺട്രോൾ ആപ്പ്
പേരന്റൽ കൺട്രോൾ ആപ്പുകൾ ഉപയോഗിച്ച് കുട്ടികളുടെ ഫോൺ ഉപയോഗം നിരീക്ഷിക്കാം. ഗൂഗിൾ ഫാമിലി ലിങ്ക് ഇത്തരത്തിലൊന്നാണ്. രക്ഷകർത്താക്കളുടെ ഫോണിൽ ഗൂഗിൽ ഫാമിലി ലിങ്ക് ഫോർ പേരന്റ്സ് ആപ്പും കുട്ടിയുടെ ഫോണിൽ ഗൂഗിൽ ഫാമിലി ലിങ്ക് ഫോർ ചിൽഡ്രൻ ആൻഡ് ടീൻസ് എന്ന ആപ്പും ഡൗൺലോഡ് ചെയ്യണം. ഈ ആപ്ലിക്കേഷൻ വഴി രക്ഷകർത്താക്കൾക്ക് കുട്ടികൾ ഫോൺ ഉപയോഗിക്കുന്ന സമയം നിയന്ത്രിക്കാം. അനാവശ്യ ആപ്ലിക്കേഷനുകൾ രക്ഷകർത്താക്കൾക്ക് ബ്ലോക്ക് ചെയ്യാനും സാധിക്കും.
പഠനം ഓഫ്‌ലൈൻ ആയെങ്കിലും കുട്ടികളിലെ ഫോൺ ദുരുപയോഗം വളരെ കൂടിയിട്ടുണ്ട്. കാർട്ടൂൺ, ഗെയിം, ഡേറ്റിംഗ് ആപ്പ് എന്നിങ്ങനെ ഇത്തരം അടിമത്വം നീളുന്നു. പഠനത്തിലെ പിന്നാക്കാവസ്ഥ, ശ്രദ്ധക്കുറവ്, വിഷാദം, ഉറക്കമില്ലായ്മ, ആത്മഹത്യാ പ്രവണത, അമിതദേഷ്യം, അക്രമസ്വഭാവം തുടങ്ങിയ പ്രശ്നങ്ങളും സ്മാർട്ട് ഫോണുകളുടെ അമിത ഉപയോഗം കുട്ടികളിലുണ്ടാക്കുന്നുണ്ട്. ഡിജിറ്റൽ അടിമത്വം ബാധിച്ച കുട്ടികളെ കൗൺസലിംഗിലൂടെ മോചിപ്പിക്കാൻ രക്ഷകർത്താക്കൾ തയ്യാറാകണം.
അരുൺ ബി. നായർ
സൈക്യാട്രിസ്റ്റ്, മെഡിക്കൽ കോളേജ്,
തിരുവനന്തപുരം.