document

കൊച്ചി: ആധാരമെഴുത്ത് മേഖലയിൽ ടെംപ്ലേറ്റ് സംവിധാനം ഏർപ്പെടുത്താനുള്ള നീക്കത്തിനെതിരെ സമരത്തിനൊരുങ്ങി സംസ്ഥാനത്തെ ഒരു വിഭാഗം ആധാരമെഴുത്തുകാർ. പരിഷ്കാരം ആയിരക്കണക്കിന് സ്ത്രീകളുടെ ജോലി നഷ്ടപ്പെടുത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈപ്‌സ് അസോസിയേഷന്റെ നേതൃത്വത്തിൽ ആദ്യം സൂചനാ സമരവും തുടർന്ന് അനിശ്ചിതകാല സമരവും നടത്താൻ തീരുമാനിച്ചത്.

ആധാരമെഴുത്തുകാരുടെ വിവിധ പ്രശ്‌നങ്ങളും ആവശ്യങ്ങളും ഉന്നയിച്ച് നേരത്തെ മുഖ്യമന്ത്രിയുമായും വി.എൻ.വാസവൻ, പി.രാജീവ്, കെ.എൻ. ബാലഗോപാൽ എന്നീ മന്ത്രിമാരുമായും ചർച്ച നടത്തിയിരുന്നു. പ്രശ്‌നങ്ങൾ പരിഹരിക്കും എന്ന ഉറപ്പിന്മേലാണ് നേരത്തെ നിശ്ചയിച്ച സമരം നീട്ടിവച്ചത്. ആവശ്യങ്ങൾ നിറവേറ്റപ്പെടുന്നതിന് കാത്തിരിക്കുന്നതിനിടെയാണ് ചില ഉന്നത ഉദ്യോഗസ്ഥർ ടെംപ്ലേറ്റ് സംവിധാനം ഉടൻ നടപ്പിലാക്കാൻ നീക്കമിടുന്നത്. ടെംപ്ലേറ്റ് സംവിധാനത്തെ ഏതുവിധേനെയും ചെറുക്കുമെന്നും ഇതുമായി മുന്നോട്ടുപോയാൽ മരണംവരെ സമരം ചെയ്യുമെന്നുമാണ് സംഘടനകളുടെ നിലപാട്.

തൊഴിൽ സുരക്ഷ, ക്ഷേമനിധി കുറ്റമറ്റതാക്കുക, ഫീസ് വർദ്ധന നടപ്പാക്കുക, അണ്ടർ വാല്യുവേഷൻ നടപടികൾ അവസാനിപ്പിക്കുക, പരിശോധനകൾക്ക് ശേഷം മാത്രം രജിസ്ട്രേഷനിലെ ആധുനികവത്കരണം നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളും ഇവർ ഉന്നയിച്ചിട്ടുണ്ട്.

50കോടിയിലേറെ തുക ആധാരമെഴുത്ത് തൊഴിലാളി ക്ഷേമനിധിയിലുണ്ട്. ഇതിൽ ഒരു രൂപപോലും സർക്കാർ നിക്ഷേപമായില്ലെന്ന് ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്സ് ആൻഡ് സ്‌ക്രൈബേഴ്സ് അസോസിയേഷൻ ആരോപിക്കുന്നു. ക്ഷേമനിധി ബോർഡിന്റെ തലപ്പത്ത് അന്യസംസ്ഥാന ഉദ്യോഗസ്ഥരെ നിയമിക്കുന്നത് നിർത്തലാക്കണം. സംസ്ഥാന ക്ഷേമനിധി ബോർഡിന്റെ ചെയർമാൻ സ്ഥാനം വകുപ്പ് മന്ത്രി ഏറ്റെടുക്കണമെന്നും സംഘടന ആവശ്യപ്പെടുന്നു.

ഡിസംബറിൽ തൊഴിൽ സംരക്ഷണ റാലി
കേന്ദ്ര സർക്കാർ നടപ്പാക്കാനൊരുങ്ങുന്ന വൺ നേഷൻ, വൺ രജിസ്‌ട്രേഷൻ നയത്തിനെതിരെയും ടെംപ്ലേറ്റ് സംവിധാനത്തിനെതിരെയും അടുത്ത മാസം തൊഴിൽ സംരക്ഷണ റാലികൾ സംഘടിപ്പിക്കും.


ടെംപ്ലേറ്റ് സംവിധാനം
ഓൺലൈനിൽ ആധാരമെഴുത്തിന് തയാറെടുക്കുമ്പോൾ കുറേ കാര്യങ്ങൾ മുൻകൂട്ടി രേഖപ്പെടുത്തിവെച്ചിട്ടുണ്ടാകും. അങ്ങനെയുള്ള കോളങ്ങൾ പൂരിപ്പിച്ചാൽ ആധാരമെഴുത്ത് നടപടി തീരും. ഇത് നിരവധിപ്പേരുടെ ജോലി നഷ്ടത്തിന് കാരണമാകുമെന്നാണ് അസോസിയേഷൻ വാദം.

സമരം സർക്കാരിനെതിരെയല്ല. ഉന്നതലത്തിലെ ഉദ്യോഗസ്ഥ നിലപാടുകൾക്കെതിരെയാണ്.ടെംപ്ലേറ്റ് സംവിധാനം ഏർപ്പെടുത്താൻ അനുവദിക്കില്ല.
കെ.ജി. ഇന്ദുകലാധരൻ
ഓൾ കേരള ഡോക്യുമെന്റ് റൈറ്റേഴ്‌സ് ആൻഡ് സ്‌ക്രൈബ്സ് അസോസിയേഷൻ