x

തൃപ്പൂണിത്തുറ: മദ്ധ്യ കേരളത്തിലെ ക്ഷേത്രോത്സവങ്ങളുടെ വരവറിയിക്കുന്ന ശ്രീപൂർണ്ണത്രയീശന്റെ വൃശ്ചികോത്സവത്തിന് ബുധനാഴ്ച മുളയിടുന്നു. മൂന്ന് ഉത്സവങ്ങളുള്ള ശ്രീപൂർണ്ണത്രയീശ ക്ഷേത്രത്തിലെ പ്രധാനമായ അങ്കുരാദി ഉത്സവം വൃശ്ചികോത്സവമാണ്.

ബുധനാഴ്ച വൈകിട്ട് പ്രത്യേകം തയ്യാറാക്കിയ മുളയറയിൽ വിശിഷ്ടങ്ങ ധാന്യങ്ങൾ വെവ്വേറെ പാലികകളിൽ മുളപ്പിക്കാനായി പാകും.പതിനാറ് മുള പാലികകളിൽ വിശിഷ്ടങ്ങളായ ധാന്യങ്ങൾ ആദ്യം ജലത്തിലും പിന്നീട് പാലിലും കഴുകിയെടുത്താണ് പതിനാറ് പാലികകളിൽ വിതയ്ക്കുക. ഈ ചടങ്ങാണ് മുളപൂജ.

വ്യാഴാഴ്ച മുതൽ മുളയറയിൽ പ്രത്യേക മുളപൂജ ഉണ്ടായിരിക്കും. അനുബന്ധമായ ശാന്തി ഹോമങ്ങളും വലിയമ്പലത്തിൽ നടക്കും. ഈ സമയത്ത് ഭക്തർക്ക് വടക്കേനട വഴിയാണ് നാലമ്പലത്തിലേക്കു പ്രവേശനം. കൊടിയേറ്റ് ദിവസമായ 21ന് രാവിലെ ബ്രഹ്മകലശത്തോടൊപ്പം ഈ പതിനാറു പാലികകളും മണ്ഡലത്തിലെ പരികലശങ്ങളിൽ പകർന്നു ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ച് ബ്രഹ്മകലശാഭിഷേകത്തോടൊപ്പം അഭിഷേകം ചെയ്യുന്നു. ഇതോടെ ഈ വർഷത്തെ ഉത്സവത്തിന് തുടക്കമാകും.

വൈകിട്ട് കൊടിയേറ്റിനു മുൻപായി വീണ്ടും മുളയറയിൽ പതിനാറ് പാലികകളിൽ മുളയിടും. ഇത് വലിയ വിളക്കിനുശേഷം പള്ളിവേട്ട നടത്തി ഭഗവാന്റെ തിടമ്പ് നമസ്‍കാര മണ്ഡപത്തിൽ പ്രത്യേകം തയ്യാറാക്കിയ വെള്ളിക്കട്ടിലിൽ കിടത്തുമ്പോൾ അതിനു ചുറ്റുമായി വയ്ക്കും. പള്ളിയുണർത്തലിന്‌ ശേഷം പരികലശങ്ങൾ ആടും. 27ന് വലിയ വിളക്ക് . 28ന് ആറാട്ടോടെ എട്ട് ദിവസം നീണ്ട വൃശ്ചികോത്സവത്തിനു കൊടിയിറങ്ങും.