പറവൂർ: പറവൂർ ഉപജില്ലാ സ്കൂൾ കലോത്സവം ഇന്ന് കുട്ടികളുടെ സൈക്കിൾ റാലിയോടെ തുടങ്ങും. അഞ്ച് ദിവസം നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ 3316 വിദ്യാർത്ഥികൾ പങ്കെടുക്കും.
ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളാണ് മുഖ്യവേദി. ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂൾ, മുനിസിപ്പൽ ടൗൺഹാൾ ഉൾപ്പെടെ നഗരത്തിലെ പതിനൊന്ന് വേദികളിൽ മത്സരങ്ങൾ നടക്കും. ഓരോ വേദികൾക്കും ഓരോ നദികളുടെ പേരുനൽകിയിട്ടുണ്ട്. ഉപജില്ലയിലെ 74 വിദ്യാലയങ്ങൾ മാറ്റുരയ്ക്കും. സംസ്കൃതോത്സവം, അറബി കലോത്സവം എന്നിവയും നടക്കും.
രാവിലെ എട്ടരയ്ക്ക് സൈക്കിൾറാലി എ.എസ്.പി ബിജി ജോർജ് ഫ്ലാഗ്ഓഫ് ചെയ്യും. ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽനിന്ന് തുടങ്ങി കെ.എം.കെ കവല, പുല്ലംകുളം, ചേന്ദമംഗലം കവല, നമ്പൂരിയച്ചൻ ആൽവഴി റാലി സ്കൂളിൽ തിരിച്ചെത്തും. സ്വകാര്യ ബസ് സ്റ്റാൻഡ്, നമ്പൂരിയച്ചൻ ആൽ പരിസരങ്ങളിൽ കുട്ടികൾ ഫ്ലാഷ്മോബ് അവതരിപ്പിക്കും പൊലീസ്, എക്സൈസ് വകുപ്പുകളുടെ സഹകരണത്തോടെയാണ് റാലി നടത്തുക.
16ന് രാവിലെ 9.30ന് ഗവ. ബോയ്സ് ഹയർസെക്കൻഡറി സ്കൂളിൽ പതാക ഉയർത്തും. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ കലോത്സവം ഉദ്ഘാടനം ചെയ്യും. നഗരസഭാ ചെയർപേഴ്സൺ വി.എ. പ്രഭാവതി അദ്ധ്യക്ഷത വഹിക്കും. കലോത്സവ ദിനങ്ങളിൽ മത്സരാർത്ഥികൾ, അദ്ധ്യാപകർ എന്നിവർക്ക് സദ്യ നൽകും. 19ന് സമാപിക്കും.
*വേദികൾ
1 - പെരിയാർ, പറവൂർ ഗവ. ഹയർസെക്കൻഡറി സ്കൂൾ. 2 - കബനി, മുനിസിപ്പൽ ടൗൺഹാൾ. 3 - നിള, മുനിസിപ്പൽ പാർക്കിംഗ് ഗ്രൗണ്ട് 4 - ശിരുവാണി പി.ഡബ്ല്യു.ഡി റെസ്റ്റ് ഹൗസ്. 5 - ഭവാനി, ബോയ്സ് സ്കൂളിലെ പടിഞ്ഞാറുവശത്തെ ഓഡിറ്റോറിയം. 6 - കല്ലായി, ഗേൾസ് സ്കൂളിലെ മുകളിലെ നില. 7 - പയസ്വിനി, ഗേൾസ് സ്കൂളിലെ താഴത്തെ ഓഡിറ്റോറിയം. 8 - തേജസ്വിനി, സമൂഹം ഹൈസ്കൂൾ. 9 - ഇരുവഴിഞ്ഞി, പറവൂർ ജി.എൽ.പി.ബി.എസ്. 10 - ഗായത്രി, ബോയ്സ് സ്കൂളിലെ ക്ലാസ് മുറികൾ. 11 - ഗായത്രി, ഗേൾസ് സ്കൂളിലെ ക്ലാസ് മുറികൾ.