കൊച്ചി: സൗരോർജ്ജവും ഹൈഡ്രജനും ഇന്ധനമാക്കി കടൽവഴി ലോകം ചുറ്റൽ... ക്യാപ്ടനും ഗവേഷകരുമുൾപ്പെടെ ആറംഗസംഘം. ലക്ഷ്യം പുനരുപയോഗിക്കാൻ കഴിയുന്ന ഉൗർജ്ജസ്രോതസുകളെപ്പറ്റി അവബോധം സൃഷ്ടിക്കൽ. ഫ്രഞ്ച് ഗവേഷണ യാനം 'എനർജി ഒബ്സർവർ" വിസ്‌മയം പകർന്ന് കൊച്ചിയിലെത്തി. ഇന്ത്യയിൽ എനർജി ഒബ്സർവർ നങ്കൂരമിടുന്ന ഏക തുറമുഖം കൊച്ചിയാണ്. ഇന്തോനേഷ്യയിൽ ആരംഭിച്ച് 1645 നോട്ടിക്കൽ മൈൽ സഞ്ചരിച്ചാണ് കൊച്ചിയിൽ എത്തിയത്. 22ന് ദക്ഷിണാഫ്രിക്കയിലേക്ക് പുറപ്പെടും. ഐക്യരാഷ്ട്രസഭയുടെ സുസ്ഥിര വികസന പദ്ധതിയുടെ ഭാഗമായാണ് ഒബ്സർവറിന്റെ ലോകപര്യടനം. സൗരോർജ്ജമാണ് പ്രധാന ഇന്ധനം. കടൽ വെള്ളത്തിൽ നിന്ന് ഉത്പാദിപ്പിക്കുന്ന ഹൈഡ്രജൻ, കാറ്റ്, കടൽപ്രവാഹം എന്നിവയാണ് മറ്റു സ്രോതസുകൾ. ബാറ്ററികളിൽ ഉൗർജ്ജം സംഭരിക്കും. പരിസ്ഥിതിക്ക് ദോഷമായ കാർബൺ തെല്ലും പുറത്തുവിടുന്നില്ല. നങ്കൂരമിടുന്ന തുറമുഖങ്ങളിൽ പരിസ്ഥിതിസൗഹൃദ ഉൗർജ്ജം സംബന്ധിച്ച പരിപാടികളിൽ സംഘം പങ്കെടുക്കും. ക്യാപ്ടനു പുറമെ ശാസ്ത്രജ്ഞർ, ഗവേഷകർ, എൻജിനിയർ എന്നിവരുൾപ്പെടെ ആറുപേരാണുള്ളത്.
 പിറന്ന വഴി
2013ലാണ് ഉൗർജ്ജ ഗവേഷണയാനം എന്ന സ്വപ്നം നാവികനായ ഫ്രഞ്ച് പൗരൻ വിക്ടോറിയൻ എറുസാർഡ് പങ്കുവച്ചത്. കറ്റാമറൈൻ സാങ്കേതികവിദ്യയിൽ 2017ൽ യാനം നിർമ്മിച്ചു. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോൺ അംഗീകാരം നൽകി. യുനെസ്കോ, യൂറോപ്യൻ യൂണിയൻ എന്നിവ പിന്തുണച്ചു. 2015ൽ ഐക്യരാഷ്ട്രസഭയും അംഗീകരിച്ചു. എനർജി ഒബ്സർവേഷൻ ഫൗണ്ടേഷനാണ് നടത്തിപ്പുകാർ.
 വിശേഷങ്ങൾ
യാനത്തിന് മുടക്ക് 60 ലക്ഷം യൂറോ
വൈദ്യുത എൻജിനുകൾ 2
സൗരോർജ്ജ പാനൽ 2002
പാനൽശേഷി 140 കിലോവാട്ട്
സംഭരണം ലിഥിയം ബാറ്ററിയിൽ
വേഗത 5 - 12 നോട്ടിക്കൽ മൈൽ
 പിന്നിട്ട വഴി
ഉലകം ചുറ്റൽ 5 തവണ
പിന്നിട്ടത് 45,000 നോട്ടിക്കൽ മൈൽ
 ഹരിതഗൃഹവാതകങ്ങൾ പുറംതള്ളുന്നത് ഒഴിവാക്കുന്ന സാങ്കേതികവിദ്യയും തന്ത്രങ്ങളും ആവിഷ്കരിക്കുകയും പ്രചരിപ്പിക്കുകയുമാണ് ലക്ഷ്യം. വലിയ പിന്തുണയാണ് ലഭിക്കുന്നത്.
-വിക്ടോറിയൻ എറുസാർഡ്
സ്ഥാപകൻ, ക്യാപ്ടൻ
 ഹരിത ഹൈഡ്രജൻ വികസനത്തിന് ഫ്രാൻസ് സഹകരിക്കുന്ന ഏഷ്യയിലെ ഏകരാജ്യമാണ് ഇന്ത്യ. പരസ്പരസഹകരണം വർദ്ധിപ്പിക്കുന്നിന്റെ ഭാഗമാണ് ഒബ്സർവറിന്റെ സന്ദർശനം.
- ലിസ് ടാൽബോട്ട്,
കോൺസൽ ജനറൽ
ചെന്നൈ