കോതമംഗലം: ഊഞ്ഞാലും സീസോയും പ്ലേ സ്റ്റേഷനുമൊക്കെ തങ്ങൾക്ക് മാത്രമായി കിട്ടിയതിന്റെ സന്തോഷത്തിലായിരുന്നു അമിത്തും ശ്രേയസും ദേവാങ്കനയുമെല്ലാം. മ്യൂസിക്കൽ ഫൗണ്ടനും വാട്ടർ റൈഡുമൊക്കെ ആവോളം അസ്വദിച്ച് പീസ് വാലിയിലെ ഭിന്നശേഷിക്കാരായ കുട്ടികൾ. കോതമംഗലം പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്ററിലെ വളർച്ചാപരമായ പ്രത്യേകതകൾ നേരിടുന്ന കുട്ടികൾക്കായി ശിശുദിനത്തിൽ കളമശേരി സയൻസ് പാർക്കിൽ സംഘടിപ്പിച്ച ഒത്തുകൂടലിലാണ് ഈ ഹൃദ്യമായ കാഴ്ചകൾ. ഓട്ടിസം, സെറിബ്രൽ പാൾസി, ഡൌൺസ് സിൻഡ്രോം, ഗ്ലോബൽ ഡെവലപ്‌മെൻ്റൽ ഡിലെ തുടങ്ങിയ വളർച്ചാപ്രശ്നങ്ങൾ നേരിടുന്ന അൻപതോളം കുട്ടികളായിരുന്നു പാർക്കിൽ എത്തിയത്. പീസ് വാലി ഭാരവാഹികളായ രാജീവ് പള്ളുരുത്തി, കെ.എച്ച് ഹമീദ്, ഷംസുദ്ദീൻ പി.എം, അലിഷ, അലന്റ്, മേബി, ആൻ മേരി തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.