തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറയുടെ 150 വർഷത്തെ ചരിത്രം പേറുന്ന ഗവ.ബോയ്സ് ഹൈസ്കൂളിന്റെ നിലനിൽപ്പിനെത്തന്നെ ബാധിക്കുന്ന ബി.എഡ് കോളേജിന്റെ അനധികൃത നിർമ്മാണത്തിനെതിരെ വ്യാപക പ്രതിഷേധം. സ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിനാവശ്യമായ ഭൂമിയിലാണ് ബി.എഡ് കോളേജിന്റെ അനധികൃത നിർമ്മാണം.
ആവശ്യപ്പെട്ടാൽ തിരികെ നല്കണം എന്ന വ്യവസ്ഥയിൽ 2006-ൽ രണ്ട് ക്ലാസ് മുറികൾ ബി.എഡ്. കോളജിന് നഗരസഭ അനുവദിച്ചിരുന്നു. എന്നാൽ സ്കൂൾ വക ഭൂമിയിൽ 35 സെന്റ് 33 വർഷത്തെ പാട്ട വ്യവസ്ഥിതിയിൽ ൽ 2008 ൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് അനുവദിച്ചെന്നാണ് കോളേജ് അവകാശപ്പെടുന്നത്. പക്ഷേ, എം.ജി യൂണിവേഴ്സിറ്റിയുടെ രജിസ്റ്ററിൽ അങ്ങനെയൊരു പാട്ട കരാറുള്ളതിന് രേഖകളില്ല. എതിർകക്ഷിയുടെ അഭാവത്തിൽ ഹൈക്കോടതി 2011ൽ സ്ഥലം അളന്ന് തിരിക്കാനും ഒരു വർഷത്തിനുള്ളിൽ നിർമ്മാണം പൂർത്തീകരിക്കാനും നിർദ്ദേശിച്ചു. എന്നാൽ 2020 ലാണ് കെട്ടിട നിർമ്മാണം ആരംഭിച്ചത്. നിർമ്മാണത്തിനെതിരെ സ്കൂൾ പി.ടി.എ. താല്ക്കാലിക സ്റ്റേ വാങ്ങിയിട്ടുണ്ട്.
സർക്കാർ ഈയിടെ സ്കൂളിലെ വി.എച്ച്.എസ്.സി. ഒരു സ്കിൽ ഡെവലപ്മെന്റ് സെന്ററായി ഉയർത്തുകയും ഘട്ടംഘട്ടമായി അനുബന്ധ കെട്ടിടങ്ങൾ അനുവദിക്കുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ കെട്ടിടങ്ങൾ എവിടെ സ്ഥാപിക്കുമെന്ന ആശങ്കയിലാണ് പി.ടി.എയും നാട്ടുകാരും.
കോടതി നിർദ്ദേശിച്ച സ്ഥലത്തോ സമയ പരിധിയ്ക്കുളളിലോ കളക്ടറുടെ സാന്നിദ്ധ്യത്തിൽ സ്ഥലം അളന്ന് തിട്ടപ്പെടുത്താതെ ആരംഭിച്ച നിർമ്മാണം കോടതി അലക്ഷ്യമാണെന്നും എം.ജി. യൂണിവേഴ്സിറ്റിയ്ക്ക് കെട്ടിട നിർമ്മാണ അനുമതി നല്കിയെങ്കിലും ലീസ് എഗ്രിമെന്റ് പോലുമില്ലാതെ സിപാസ് എന്ന സൊസൈറ്റിയ്ക്ക് നഗരസഭ ബിൽഡിങ് പെർമിറ്റ് നല്കിയത് അഴിമതിയാണെന്നുമാണ് സ്കൂൾ സംരക്ഷണ സമിതിയുടെ ആരോപണം. എൻ.സി.ടി.ഇ. യുടെ അംഗീകാരത്തിനായി ബി.എഡ്. കോളജിന് ഏകദേശം 27000 സ്ക്വയർ ഫീറ്റ് കെട്ടിടവും 60 സെന്റ് സ്ഥലവും വേണ്ടതെങ്കിൽ സ്കൂളുമായി ബന്ധപ്പെട്ട സ്ഥലത്ത് അതെങ്ങനെ സാദ്ധ്യമാകും എന്നാണ് മറ്റൊരു ചോദ്യം.
---------------------------------------------
"ബിൽഡിംഗ് പെർമിറ്റ് റദ്ദാക്കി ബി.എഡ്. കോളേജ് തൃപ്പുണിത്തുറയിൽ തന്നെ അനുയോജ്യമായ മറ്റൊരു സ്ഥലത്തേക്ക് മാറ്റി സ്ഥാപിച്ചില്ലെങ്കിൽ ശക്തമായ സമരപരിപാടികളിലേക്ക് നീങ്ങും"
ഷിജു ആന്റണി ചെയർമാൻ, സ്കൂൾ സംരക്ഷണ സമിതി.
-------------------------------------- "പൊതുവിദ്യാഭ്യാസ വകുപ്പിന്റെ റിപ്പോർട്ട് ഉണ്ടായിരുന്നിട്ടും കോളജ് മാറ്റിസ്ഥാപിക്കാത്തതിൽ നിഗൂഢതയുണ്ട്. അപകടം പതിയിരിക്കുന്ന നിർമ്മാണാവശിഷ്ടങ്ങൾ നീക്കി അസംബ്ലി ഗ്രൗണ്ട് പുനർ നിർമ്മിക്കണം"
യു.എ. രാജേഷ് പി.ടി.എ. വൈസ് പ്രസിഡണ്ട്,
--------------------------------------
"മേക്കരയിലെ ഗവ. ആർട്ട്സ് കോളജ് പുതിയ കെട്ടിടത്തിലേക്ക് മാറുമ്പോൾ ഏറ്റവും അനുയോജ്യമായ ആ കെട്ടിടത്തിലേക്ക് ബി.എഡ്. കോളജിനെ മാറ്റിസ്ഥാപിക്കണം." പി.കെ. പീതാംബരൻ, നഗരസഭ പ്രതിപക്ഷ നേതാവ്.