pi-c
കളമശേരി സയൻസ് പാർക്കിൽ ശിശുദിനത്തിൽ ഒത്തുകൂടിയ ഭിന്നശേഷി ക്കാരായ കുട്ടികളോടൊപ്പം മാതാപിതാക്കളും തെറാപ്പിസ്റ്റുകളും

കളമശേരി: ഊഞ്ഞാലും സീസോയും പ്ലേസ്റ്റേഷനുമൊക്കെ തങ്ങൾക്ക് മാത്രമായി കിട്ടിയതിന്റെസന്തോഷത്തിലായിരുന്നു അമിത്തും ശ്രേയസും ദേവാംഗനനയുമൊക്കെ..മ്യൂസിക്കൽ ഫൗണ്ടനും വാട്ടർ റൈഡുമൊക്കെ അവർ മതിവരുവോളം ആസ്വദിച്ചു. കോതമംഗലം പീസ് വാലി ഏർലി ഇന്റർവെൻഷൻ സെന്ററിലെ വളർച്ചാപരമായ പ്രത്യേകതകൾ നേരിടുന്ന കുട്ടികൾക്കായി ശിശു ദിനത്തിൽ കളമശേരി സയൻസ് പാർക്കിൽ സംഘടിപ്പിച്ച ഒത്തുകൂടലിൽ ആയിരുന്നു ഹൃദ്യമായ കാഴ്ചകൾ.


ഓട്ടിസം, സെറിബ്രൽ പാൾസി, ഡൌൺസ് സിൻഡ്രോം, ഗ്ലോബൽ ഡെവലപ്പ്മെന്റൽ ഡിലെ തുടങ്ങിയ പ്രശ്നങ്ങൾ നേരിടുന്ന അമ്പതോളം കുട്ടികളായിരുന്നു പാർക്കിൽ എത്തിയത്. ഭിന്നശേഷിക്കാരായ കുട്ടികളുടെ സഹോദരങ്ങളും മാതാപിതാക്കളും അനുഭവിക്കുന്ന മാനസിക സാമൂഹിക പിരിമുറുക്കങ്ങൾക്ക് അയവ് വരുന്ന കാഴ്ചകളായിരുന്നു പിന്നെ കണ്ടത്. കുട്ടികളുടെ പ്രശ്നങ്ങൾ നേരത്തെ കണ്ടെത്തി ശാസ്ത്രീയ ചികിത്സകളിലൂടെ സാധാരണ സ്കൂൾ വിദ്യാഭ്യാസത്തിന് പ്രാപ്തരാക്കുന്ന സംവിധാനമാണ് ഏർലി ഇന്റർവെൻഷൻ സെന്റർ.വിദേശങ്ങളിൽ പ്രചാരത്തിലുള്ള ഈ പ്രാരംഭ ഇടപെടൽ രീതി കേരളത്തിൽ പരിചിതമാകുന്നതേയുള്ളൂ.
6 വയസ് വരെയുള്ള കുട്ടികൾക്കാണ് സ്ഥാപനത്തിന്റെ സേവനങ്ങൾ ലഭ്യമാകുന്നത്.ജനുവരിയിൽ ആരംഭിച്ച ഏർലി ഇന്റർവെൻഷൻ സെന്ററിൽ 98 കുട്ടികൾ വ്യത്യസ്ത തെറാപ്പികൾക്ക് വിധേയരാകുന്നു .പണമില്ലാത്തതിനാൽ കുഞ്ഞുങ്ങൾക്ക് ചികിത്സ നിഷേധിക്കപ്പെടരുതെന്ന ലക്ഷ്യം മുൻ നിർത്തി പൂർണമായും സൗജന്യമായാണ് സ്ഥാപനത്തിന്റെ പ്രവർത്തനം.
പീസ്വാലി ഭാരവാഹികളായ രാജീവ്‌ പള്ളുരുത്തി, കെ.എച്ച്.ഹമീദ്, പി.എം.ഷംസുദ്ധീൻ തെറാപ്പിസ്റ്റുകളായ അലിഷ, അലന്റ്, മേബി, ആൻമേരി എന്നിവർ നേതൃത്വം നൽകി.