
കൊച്ചി: ചലച്ചിത്ര ഛായാഗ്രാഹകൻ തൃപ്പൂണിത്തുറ എരൂർ ആതിര (മുണ്ടയ്ക്കൽ) വീട്ടിൽ എസ്. സുധീഷ് (പപ്പു-44) നിര്യാതനായി. രണ്ടു വർഷത്തോളമായി അമിലോയിഡോസിസ് എന്ന അപൂർവ രോഗത്തെ തുടർന്ന് ചികിത്സയിലായിരുന്നു. ഇന്നലെ രാവിലെ ചങ്ങനാശേരിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മജു സംവിധാനം ചെയ്ത് ഈ വർഷം റിലീസ് ചെയ്ത 'അപ്പൻ' ആണ് അവസാന ചിത്രം. ചിത്രീകരണത്തിന്റെ അവസാന ഘട്ടത്തിൽ സുധീഷിന് സുഖമില്ലാതായതിനെ തുടർന്ന് വിനോദ് ഇല്ലംപള്ളിയാണ് സിനിമ പൂർത്തിയാക്കിയത്.
മധൂർ ഭണ്ഡാർക്കർ സംവിധാനം ചെയ്ത ചാന്ദ്‌നി ബാർ എന്ന ബോളിവുഡ് ചിത്രത്തിൽ അസിസ്റ്റന്റ് ഛായാഗ്രാഹകനായാണ് തുടക്കം. പിന്നീട് ടി.കെ. രാജീവ് കുമാറിന്റെ 'ശേഷം', അനുരാഗ് കശ്യപിന്റെ 'ദേവ് ഡി' തുടങ്ങിയ ചിത്രങ്ങളിൽ സഹായിയായി പ്രവർത്തിച്ചു. സംവിധായകനും ഛായാഗ്രാഹകനുമായ രാജീവ് രവിയുടെ 'അന്നയും റസൂലും', 'കമ്മട്ടിപ്പാടം', 'തുറമുഖം' എന്നീ ചിത്രങ്ങളിൽ സെക്കൻഡ് യൂണിറ്റ് ഛായാഗ്രാഹകനായി പ്രവർത്തിച്ചു. ചീഫ് അസോസിയേറ്റ് ആയി രഞ്ജിത്തിന്റെ 'ബ്ലാക്കി'ലും ലാൽജോസിന്റെ 'ക്ലാസ്‌മേറ്റ്‌സി'ലും പ്രവർത്തിച്ചിട്ടുണ്ട്. ദുൽഖർ സൽമാൻ നായകനായ 'സെക്കൻഡ് ഷോ'യിലൂടെയാണ് സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. പിന്നീട് ഡി കമ്പനി, റോസ് ഗിറ്റാറിനാൽ, മൈ ഫാൻ രാമു, ഞാൻ സ്റ്റീവ് ലോപ്പസ്, കൂതറ, അയാൾ ശശി, ആനയെ പൊക്കിയ പാപ്പാൻ, ഈട, ഓട്ടം എന്നീ സിനിമകളുടെ ഛായാഗ്രാഹകനായി പ്രവർത്തിച്ചിട്ടുണ്ട്.
അച്ഛൻ: പരേതനായ വി.കെ.എസ്. നായർ (റിട്ട. ബി.എസ്.എൻ.എൽ), അമ്മ: ലക്ഷ്മീദേവി. സംസ്കാരം നടത്തി.