മട്ടാഞ്ചേരി: ജീർണ്ണിച്ച് നിലംപൊത്താറായ പാണ്ടികശാലയിൽ 12 വർഷമായി ഒറ്റക്ക് കഴിഞ്ഞിരുന്ന നേപ്പാൾ സ്വദേശിനി പീമാദേവിയെ ജന്മനാട്ടിലേക്ക് കൊണ്ടു പോകുന്നതിനു മുന്നോടിയായി സർക്കാരിന്റെ തേവരയിലെ ഓൾഡ് ഏജ് ഹോമിലേക്ക് മാറ്റി. അടുത്ത മാസം 12ന് പീമാദേവി സാമൂഹ്യ പ്രവർത്തകരായ ജൈൻ ദമ്പതികൾക്കൊപ്പം നേപ്പാളിലേക്ക് പോകും.
മാറ്റി താമസിപ്പിക്കുന്നതിന് സൗകര്യം ഒരുക്കാൻ ജില്ല ഡെവലപ്മെന്റ് കമ്മിഷണർ ചേതൻ കുമാർ മീണ നേരിട്ടെത്തി. പീമാദേവിയെ വിമാനമാർഗം ജന്മദേശത്ത് എത്തിക്കാമെന്ന് മുകേഷ് ജൈനും ഭാര്യ ഭാവന ജൈനും ജില്ലാ ഭരണകൂടത്തെ അറിയിച്ചതിന്റെ അടിസ്ഥാനത്തിലാണ് തുടർനടപടികൾ നീങ്ങുന്നത്.
മുകേഷ് ജൈൻ, എം.എം.സലീം, റസിയ ഹനീഫ്, എ. ജലാൽ, മുജീബ് റഹ്മാൻ, സുജിത്ത് മോഹൻ എന്നിവർ ചേർന്ന് ഓൾഡ് ഏജ് ഹോമിലേക്ക് പീമാദേവിയെ മാറ്റി.
ലഹരിക്കെതിരെ സാമൂഹ്യ പ്രവർത്തകർ മട്ടാഞ്ചേരിയിലെ ഒഴിഞ്ഞ കെട്ടിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ തെരച്ചിലിലാണ് ഒറ്റമുറി കെട്ടിടത്തിൽ താമസിച്ചിരുന്ന പീമാദേവിയെ കണ്ടെത്തിയത്. തുടർന്ന് സാമൂഹ്യ പ്രവർത്തകന്റെ ഫോണിൽ നിന്ന് പീമാദേവി നേപ്പാളിലെ ബന്ധുക്കളെ ബന്ധപ്പെട്ടിരുന്നു.