കൊച്ചി: കല്യാണത്തിന് പള്ളി വക ഹാൾ ബുക്ക് ചെയ്ത ഹൈന്ദവകുടുംബം ഒടുവിൽ മകളുടെ താലികെട്ടിന് സ്ഥലം തേടി അലഞ്ഞു. സിറോ മലബാർ സഭയുടെ സെന്റ് മേരീസ് പള്ളി വക കുമ്പളം പി.ഡബ്‌ള്യു.ഡി. റോഡിലെ ദുക്രാന ഹാളിലാണ് താലികെട്ടിന് അവസാനനിമിഷം വിലക്കുണ്ടായത്.

നവംബർ ആറിനായിരുന്നു കുമ്പളം ബ്ലായിത്തറ വീട്ടിൽ അനിൽ കുമാറിന്റെ മകളുടെ വിവാഹം. രണ്ട് മാസം മുമ്പേ ആയിരം രൂപ അഡ്വാൻസ് നൽകി ഹാൾ ബുക്ക് ചെയ്തിരുന്നു. 11,150 രൂപയാണ് ഹാൾ വാടക. വിവാഹത്തിന് ഒരാഴ്ച മുമ്പ് കൈക്കാരനാണ് താലികെട്ടാൻ സമ്മതിക്കില്ലെന്ന് അനിലിനെ അറിയിച്ചത്. മുമ്പ് ഇവിടെ ഹൈന്ദവരുടെ വിവാഹച്ചടങ്ങുകൾ നടക്കാറുള്ളതിനാലാണ് അനിൽ ഈ ഹാൾ തിരഞ്ഞെടുത്തത്. ഇക്കാര്യം ചോദിച്ചപ്പോൾ താലികെട്ട് ചടങ്ങ് പുറത്തെവിടെയെങ്കിലും നടത്താനായിരുന്നു 'ഉത്തരവ്'. പറ്റില്ലെങ്കിൽ 'അഡ്വാൻസും തിരികെ വാങ്ങി വിട്ടോ'ളാനും പറഞ്ഞു.

കൂലിപ്പണിക്കാരായ അനിൽ മകളുടെ വിവാഹത്തിന് ഒരാഴ്ച മുമ്പ് തന്റെ ബഡ്ജറ്റിനു പറ്റിയ ഹാൾ തേടിയലഞ്ഞെങ്കിലും അടുത്തെങ്ങും കിട്ടിയില്ല. ഒടുവിൽ ഗതികെട്ട് രണ്ട് കിലോമീറ്റർ അകലെയുള്ള ലക്ഷ്മീനാരായണ ക്ഷേത്രത്തിൽ താലികെട്ട് ചടങ്ങ് നടത്തി വധൂവരന്മാരുമായി സെന്റ് മേരീസ് പള്ളി ഹാളിലെത്തി സദ്യ മാത്രം നടത്തുകയായിരുന്നു.

എസ്.എൻ.ഡി​.പി​.യോഗം കുമ്പളം ശാഖാംഗമായ ബ്ലായിത്തറ വീട്ടിൽ അനിൽ കുമാറിന്റെ മകളുടെ വിവാഹം സെന്റ് മേരീസ് പള്ളിവക വാടകയ്ക്ക് എടുത്ത ഓഡിറ്റോറിയത്തിൽ വച്ച് ഹിന്ദുമതാചാരപ്രകാരം നടത്താൻ പാടില്ലെന്ന് പറഞ്ഞ് വിലക്കിയ പള്ളി അധികാരികളുടെ നടപടിയിൽ ശക്തമായി​ പ്രതി​ഷേധി​ക്കുന്നു. ജാതി, മത ഭേദമി​ല്ലാതെ സൗഹാർദ്ദത്തോടെ കഴിയുന്ന കുമ്പളം പ്രദേശത്ത് ഇത്തരം തരംതാണ നി​ലപാടുകൾ വി​വേചനങ്ങൾ വളർത്തുകയേയുള്ളൂ. ഇക്കൂട്ടരെ അകറ്റി​ നി​റുത്താനാണ് സമൂഹം ശ്രമി​ക്കേണ്ടത്.

രാജീവ് കൂട്ടുങ്കൽ, സെക്രട്ടറി​,

എസ്.എൻ.ഡി​.പി​ യോഗം കുമ്പളം ശാഖ