പറവൂർ: തെരുവുനായ്ക്കൾക്കും വളർത്തുനായ്ക്കൾക്കും വാക്സിനേഷൻ നൽകണമെന്ന കൗൺസിൽ തീരുമാനം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് എൽ.ഡി.എഫ് കൗൺസിലർമാർ കൗൺസിൽ യോഗം ബഹിഷ്കരിച്ചു. സർക്കാരിന്റേയും കോടതിയുടേയും നിർദേശങ്ങൾ പറവൂർ നഗരസഭ ഭരണാധികാരികൾ കാറ്റിൽപ്പറത്തിയെന്ന് പ്രതിപക്ഷം ആരോപിച്ചു. വെറ്ററിനറി ഉദ്യോഗസ്ഥൻമാരുടെയും ജനപ്രതിനിധികളുടെയും സന്നദ്ധസംഘടനകളുടെയും യോഗം വിളിച്ചുചേർത്ത് വാക്സിനേഷൻ പരിപാടി ഒക്ടോബറിനുള്ളിൽ പൂർത്തീകരിക്കണമെന്ന് തീരുമാനമെടുത്തിരുന്നു. ഇതിനായി കലണ്ടർ തയ്യാറാക്കിയെങ്കിലും ഒരു തെരുവുനായയെപ്പോലും മുനിസിപ്പൽ അതിർത്തിയിൽ ഇതുവരെ വാക്സിനേറ്റ് ചെയ്തിട്ടില്ല.
കൃത്യമായ മറുപടി നൽകാനാകാത്ത നഗരസഭാ ചെയർപേഴ്സന്റെ നിലപാടിൽ പ്രതിഷേധിച്ച് നഗരസഭാ കവാടത്തിൽ ധർണനടത്തി. പ്രതിപക്ഷനേതാവ് ടി.വി. നിഥിൻ, എൻ.ഐ. പൗലോസ്, കെ.ജെ. ഷൈൻ, ജ്യോതി ദിനേശൻ, ഇ.ജി. ശശി, എം.കെ. ബാനർജി, സി.എസ്. സജിത, ഷൈനി രാധാകൃഷ്ണൻ, ജയ ദേവാനന്ദൻ എന്നിവർ സംസാരിച്ചു.