gj

കൊച്ചി: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ സി.ഐ പി.ആർ. സുനുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. ഇന്ന് രാവിലെ 10ന് ഹാജരാകാൻ ആവശ്യപ്പെട്ട് സുനുവിന് നോട്ടീസ് നൽകി. പരാതിക്കാരിയുടെ മൊഴികളിലെ വൈരുദ്ധ്യവും വ്യക്തമായ തെളിവുകളും ലഭിക്കാത്തും മൂലമാണ് അറസ്റ്റ് രേഖപ്പെടുത്താൻ വൈകുന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ വിശദീകരണം. സുനു മാത്രമാണ് ഇപ്പോൾ കസ്റ്റഡിയിലുള്ളത്. തൃക്കാക്കര ക്ഷേത്ര ജീവനക്കാരൻ അഭിലാഷ്, വീട്ടുജോലിക്കാരി വിജയലക്ഷ്‌മി ഉൾപ്പെടെയുള്ള പ്രതികളെ ചോദ്യംചെയ്തശേഷം വിട്ടയച്ചിരുന്നു.

കേസിൽ കൂടുതൽ തെളിവുകൾ ശേഖരിക്കാൻ അന്വേഷണം തുടരുകയാണെന്ന് വിശദീകരിച്ചതിന് പിന്നാലെയാണ് നോട്ടീസ് നൽകിയത്. പൊലീസിന്റെ കസ്റ്റഡിയിൽ സുനുവുണ്ടെങ്കിലും നടപടിയുടെ ഭാഗമായാണ് നോട്ടീസ് നൽകിയത്. വ്യക്തമായ തെളിവുകളോ സാഹചര്യ തെളിവുകളോ ലഭിക്കാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തതെന്നാണ് പൊലീസ് നൽകുന്ന വിശദീകരണം. അന്വേഷണം ഫലപ്രദമല്ലെന്ന് ആരോപിച്ച് പരാതിക്കാരി മുഖ്യമന്ത്രിക്ക് നിവേദനം നൽകുമെന്ന സൂചന ലഭിച്ചതോടെയാണ് സുനുവിന് നോട്ടീസ് നൽകിയത്.

പരാതിയിൽ പറയുന്ന നാലുപേരും, ഒത്താശ ചെയ്തെന്ന് പറയുന്ന വീട്ടുവേലക്കാരിയും ആരോപണങ്ങൾ നിഷേധിച്ചു. പരാതിയും മൊഴിയിലെ കാര്യങ്ങളും പൊരുത്തപ്പെടാത്ത സാഹചര്യത്തിൽ മജിസ്ട്രേട്ടിനു മുമ്പിൽ പരാതിക്കാരിയെ ഹാജരാക്കി രഹസ്യമൊഴി രേഖപ്പെടുത്താൻ പൊലീസ് ആലോചിക്കുന്നുണ്ട്. പരാതിയിൽ മാനഭംഗം നടന്ന ദിവസവും സമയവും വ്യക്തമായി പറയുന്നില്ല. സിറ്റി പൊലീസ് കമ്മിഷണർ സി.എച്ച്. നാഗരാജു ഉൾപ്പെടെ അന്വേഷണ ഉദ്യോഗസ്ഥർ യോഗം ചേർന്ന് തയ്യാറാക്കിയ അഞ്ചു ചോദ്യങ്ങളാണ് ഇന്നലെ വൈകിട്ട് യുവതിയോട് ചോദിച്ചത്. ഇതിലും സംഭവം നടന്ന ദിവസം സംബന്ധിച്ച് വ്യക്തത ലഭിച്ചിട്ടില്ല.

സംഭവം നടന്ന മേയിൽ സുനു കൊച്ചിയിലുണ്ടായിരുന്ന ദിവസങ്ങളും സ്ഥലവും സംബന്ധിച്ച് മൊബൈൽ ടവർ ലൊക്കേഷൻ അടിസ്ഥാനമാക്കി പരിശോധിച്ചെങ്കിലും ആരോപണം സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.

പരിചയം മാത്രമേയുള്ളൂ, മറ്റാരോപണങ്ങൾ വസ്തുതാവിരുദ്ധമാണെന്നാണ് പ്രതികളുടെ മൊഴി. മറ്റു രണ്ട് ആരോപണവിധേയരെയും ഇതുവരെ കണ്ടെത്തിയിട്ടില്ല.

കസ്റ്റഡി മുൻകരുതൽ

പരാതി ലഭിച്ച സാഹചര്യത്തിൽ രക്ഷപ്പെടാതിരിക്കാനാണ് സുനുവിനെ കസ്റ്റഡിയിലെടുത്തതെന്ന് കമ്മിഷണർ സി.എച്ച്. നാഗരാജു പറഞ്ഞു. വ്യക്തമായ തെളിവ് ലഭിക്കാത്തതിനാലാണ് അറസ്റ്റ് ചെയ്യാത്തത്. സുനുവിന്റെ പശ്ചാത്തലം ശരിയല്ല. ചോദ്യം ചെയ്യൽ തുടരുകയാണ്. കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കും. തെളിവുകൾ വ്യക്തമായാൽ അറസ്റ്റ് വൈകില്ല.