കൊച്ചി: കോൺഗ്രസിനെ ആർ.എസ്.എസിന്റെ തൊഴുത്തിൽ കൊണ്ടുപോയി കെട്ടാനുള്ള കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്റെ നീക്കത്തോട് മുസ്ലിംലീഗും യു.ഡി.എഫിലെ മറ്റു കക്ഷികളും പ്രതികരിക്കണമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ പറഞ്ഞു. കേരള ഗവ. നഴ്സസ് അസോസിയേഷൻ (കെ.ജി.എൻ.എ) സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ചു എറണാകുളം ടൗൺഹാളിൽ നടന്ന പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തലശേരി വർഗീയ കലാപകാലത്ത് ആർ.എസ്.എസിനെ സംരക്ഷിച്ചെന്നു പറഞ്ഞ സുധാകരൻ അതിനെ ന്യായീകരിക്കാനാണ് ജവഹർലാൽ നെഹ്‌റുവിനെതിരായ പ്രസ്താവന നടത്തിയത്. സുധാകരൻ ആർ.എസ്.എസിലേക്ക് കോൺഗ്രസുകാരെ റിക്രൂട്ട് ചെയ്യാൻ ശ്രമിക്കുമ്പോൾ യു.ഡി.എഫിലെ ഇതരകക്ഷികളും ആ പാത പിന്തുടരുമോ എന്ന് വ്യക്തമാക്കണം.
കേരളത്തിന്റെ ഉന്നത വിദ്യാഭ്യാസമേഖലയെ തകർക്കാനുള്ള ഗവർണറുടെ നീക്കം തടയാൻ ഏതറ്റം വരെയും പോകും. വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പുകൾ പോലും ഗവർണറുടെ നിഷേധ നിലപാട് മൂലം പാഴായി. ഇതിനെല്ലാമെതിരായ പ്രതിഷേധമാണ് രാജ്ഭവനുമുന്നിൽ നടക്കുകയെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.
കെ.ജി.എൻ.എ സംസ്ഥാന പ്രസിഡന്റ് സി.ടി. നുസൈബ അദ്ധ്യക്ഷയായി. ജനറൽ സെക്രട്ടറി ടി. സുബ്രഹ്മണ്യൻ, സി.പി.എം ജില്ലാ സെക്രട്ടറി സി.എൻ. മോഹനൻ, ജോൺ ഫെർണാണ്ടസ്, ഉണ്ണി ജോസ് എന്നിവർ സംസാരിച്ചു.