
തോപ്പുംപടി: കൊച്ചി തുറമുഖത്ത് നിയന്ത്രണം വിട്ട ജീപ്പ് റോഡരികിൽ പാർക്ക് ചെയ്തിരുന്ന ഇരുചക്ര വാഹനങ്ങൾ ഇടിച്ച് തകർത്തു. നിരയായി പാർക്ക് ചെയ്തിരുന്ന ഒമ്പത് ഇരുചക്ര വാഹനങ്ങളാണ് തകർന്നത്. ഒരാൾക്ക് പരിക്കേറ്റു.ബൈക്കിൽ കയറാൻ ശ്രമിക്കുന്നതിനിടെ ജീപ്പിടിച്ചാണ് തുറമുഖത്തെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനായ ആന്റണി (25) ക്ക് പരിക്കേറ്റത്.ഇയാളെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ ഉച്ചക്ക് മൂന്ന് മണിയോടെ മട്ടാഞ്ചേരി വാർഫിന് സമീപം എഫ്.എ.സി.ടി ടാങ്കിനടുത്താണ് അപകടം നടന്നത്. പോർട്ടിന്റെ ഉടമസ്ഥതയിലുള്ള ജീപ്പാണ് അപകടമുണ്ടാക്കിയത്. ജീപ്പ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു. എന്നാൽ ഡ്രൈവർക്ക് തല ചുറ്റിയതാണ് അപകടത്തിനിടയാക്കിയതെന്ന് പൊലീസ് പറഞ്ഞു. ഹാർബർ പൊലീസ് കേസെടുത്തു.