കൊച്ചി:ജനകീയാസൂത്രണ പദ്ധതിയിൽ ഡിവിഷനുകളിലെ ഗുണഭോക്തൃ പട്ടികയ്ക്ക് കോർപ്പറേഷൻ കൗൺസിൽ യോഗം അംഗീകാരം നൽകി. നഗരത്തിലെ വെള്ളക്കെട്ട് ഒഴിവാക്കുന്നതിന് പുതുതായി കണ്ടെത്തിയ തുക ഉപയോഗിച്ച് അത്യാധുനിക പമ്പുകൾ വാങ്ങാനും തീരുമാനിച്ചു. വികസനകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷൻ പി.ആർ.റെനീഷ് അവലോകന രേഖ അവതരിപ്പിച്ചു. തുടർന്നുള്ള ചർച്ചയ്ക്ക് മേയർ എം.അനിൽകുമാർ മറുപടി പറഞ്ഞു.
ഡയാലിസിസ്, ഇ- ഓട്ടോ എന്നിവയുടെ ഗുണഭോക്തൃ പട്ടികയും അംഗീകരിച്ചു. വിദ്യാഭ്യാസ സ്ഥിരംസമിതി അദ്ധ്യക്ഷൻ വി.എ. ശ്രീജിത്തിന്റെ ശുപാർശയെ തുടർന്ന് എറണാകുളം ഗവ.ഗേൾസ് ഹൈസ്‌കൂളിൽ പ്രഭാതഭക്ഷണം നൽകാനും തീരുമാനമായി. പ്രവർത്തനങ്ങൾ അവലോകനം ചെയ്യുന്നതിനും വേഗത്തിൽ പൂർത്തിയാക്കുന്നതിനും വികസനകാര്യ, വർക്‌സ് കമ്മിറ്റി അദ്ധ്യക്ഷരെയും സൂപ്രണ്ടിംഗ് എൻജിനിയറെയും മേയർ ചുമതലപ്പെടുത്തി. മട്ടുപ്പാവ് കൃഷിക്കായി ഗ്രോബാഗുകൾക്കു പകരം ദീർഘകാലം നിലനിൽക്കുന്നതും പ്രകൃതിക്ക് ദോഷം വരുത്താത്തതുമായ ഫൈബർ ചട്ടികൾ നൽകാനും തീരുമാനിച്ചു.