കോലഞ്ചേരി: എൽദോ പോളിന്റെ അർജുന അവാർഡ് നേട്ടം പാലയ്ക്കാമറ്റം ഗ്രാമത്തെ ആവേശക്കൊടുമുടിയിലെത്തിച്ചു. അവാർഡ് വിവരമറിയുമ്പോൾ കോലഞ്ചേരി പാലക്കാമറ്റം കൊച്ചുതോട്ടത്തിൽ എൽദോ ബംഗളൂരു സായ് സ്പോർട്സ് കേന്ദ്രയിൽ ഏഷ്യൻ ഗെയിംസിനായുള്ള പരിശീലനത്തിലായിരുന്നു.
നാട്ടുകാരും കൂട്ടുകാരും രാത്രിയിൽ കനത്ത മഴയിലും ഘോഷയാത്ര നടത്തിയും പടക്കം പൊട്ടിച്ചും എൽദോയുടെ നേട്ടം ആഘോഷിച്ചു. വിവരമറിഞ്ഞ് എൽദോയുടെ വീട്ടിലേക്ക് ആശംസകളുമായി നിരവധി പേരെത്തി.
മുത്തശി മറിയാമ്മയ്ക്ക് (86) അർജുന അവാർഡ് നേട്ടം ആത്മനിർവൃതിയായി. നാലര വയസിൽ അമ്മയെ നഷ്ടമായ എൽദോയെ വളർത്തിയത് മറിയാമ്മയാണ്. എവിടെയായാലും എത്ര തിരക്കായാലും ദിവസവും മുത്തശ്ശിയുമായി സംസാരിക്കുന്നതാണ് എൽദോയുടെ രീതി.
കഴിഞ്ഞ ആഗസ്റ്റ് 6നാണ് എൽദോ കോമൺവെൽത്ത് ഗെയിംസിൽ ട്രിപ്പിൾ ജമ്പിൽ സ്വർണം നേടിയത്.
ഷാപ്പു തൊഴിലാളിയായ കൊച്ചുതോട്ടത്തിൽ പൗലോസിന്റെയും പരേതയായ മറിയക്കുട്ടിയുടെയും മൂത്ത മകനായ എൽദോ പ്രാരാബ്ധങ്ങളോടും പ്രതിസന്ധികളോടും പൊരുതിയാണ് നേട്ടങ്ങൾ സ്വന്തമാക്കിയത്.
പാമ്പാക്കുട സ്‌കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷം കോതമംഗലം എം.എ കോളജിൽ ബിരുദത്തിന് ചേർന്നതാണ് എൽദോയുടെ ജീവിതത്തിൽ വഴിത്തിരിവായത്. ഇവിടത്തെ കായികാദ്ധ്യാപകരായ ഡോ. മാത്യു ജേക്കബ്, ദ്രോണാചാര്യ ടി.പി. ഔസേഫ് എന്നിവരുടെ നേതൃത്വത്തിൽ ലഭിച്ച പരിശീലനം എൽദോയിലെ പ്രതിഭയെ മിനുക്കിയെടുത്തു. ബിരുദ പഠനത്തിനിടെ തന്നെ ഇന്ത്യൻ നേവിയുടെ ഭാഗമാകുകയും ചെയ്തു. അമേരിക്കയിലെ യൂജീനിൽ നടന്ന ലോക അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ട്രിപ്പിൾ ജമ്പിൽ ഫൈനലിലെത്തിയ എൽദോ പോളിന് നിർഭാഗ്യം കൊണ്ടാണ് കീരീടം നഷ്ടമായത്. തൊട്ടു പിന്നാലെയായിരുന്നു കോമൺവെൽത്തിലെ സ്വർണ നേട്ടം.