കൊച്ചി: എറണാകുളത്തപ്പൻ ഗ്രൗണ്ടിലെ മാലിന്യങ്ങൾ ഒരാഴ്‌ചയ്‌ക്കകം നീക്കി, ഗ്രൗണ്ട് വൃത്തിയായി പരിപാലിക്കുന്നുണ്ടെന്ന് ക്ഷേത്രത്തിലെ ദേവസ്വം ഓഫീസർ ഉറപ്പുവരുത്തണമെന്ന് ഹൈക്കോടതി ഉത്തരവിട്ടു.
ഗ്രൗണ്ടിന്റെ ശോച്യാവസ്ഥ ചൂണ്ടിക്കാട്ടി ഒരു മുൻ ഹൈക്കോടതി ജഡ്‌ജി എഴുതിയ കത്തിനെത്തുടർന്ന് സ്വമേധയാ പരിഗണിക്കുന്ന ഹർജിയിൽ ജസ്റ്റിസ് അനിൽ കെ. നരേന്ദ്രൻ, ജസ്റ്റിസ് പി.ജി. അജിത് കുമാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് ഉത്തരവിട്ടത്. നേരത്തെ ഹർജിയിൽ അഡ്വ.എച്ച്.പ്രവീണിനെ ഹൈക്കോടതി അഡ്വക്കേറ്റ് കമ്മിഷണറായി നിയോഗിച്ചിരുന്നു. അഡ്വക്കേറ്റ് കമ്മിഷണർ നൽകിയ റിപ്പോർട്ടുകൂടി പരിഗണിച്ചാണ് ഉത്തരവ്.
ഫ്ളവർ ഷോ, ഗൃഹോപകരണമേള എന്നിവ ഗ്രൗണ്ടിൽ നടത്തുന്നതിനെത്തുടർന്നുള്ള മാലിന്യങ്ങൾ സംഘാടകർ തന്നെ നീക്കം ചെയ്യുന്നുണ്ടെന്നും ദേവസ്വം ഓഫീസർ ഉറപ്പാക്കണം. ഇതുമായി ബന്ധപ്പെട്ട് നവംബർ 21ന് ഗ്രൗണ്ടിൽ പരിശോധന നടത്തി അഭിഭാഷക കമ്മിഷണർ റിപ്പോർട്ടു നൽകണമെന്നും ഡിവിഷൻ ബെഞ്ച് നിർദ്ദേശിച്ചു. ഹർജി നവംബർ 24 നു വീണ്ടും പരിഗണിക്കും.
വിവിധ മേളകൾക്കായുള്ള സാധനസാമഗ്രികൾ ഗ്രൗണ്ടിൽ ഇറക്കിയിട്ടുണ്ടെന്നും മൈതാനത്ത് പലയിടത്തായി പ്ളാസ്റ്റിക് മാലിന്യമുൾപ്പെടെ വലിച്ചെറിഞ്ഞ നിലയിൽ കാണാമെന്നും അഭിഭാഷക കമ്മിഷണർ വ്യക്തമാക്കിയിരുന്നു. ഇവയുടെ ചിത്രങ്ങളും ഹാജരാക്കിയിരുന്നു.
എറണാകുളത്തപ്പൻ മൈതാനം
കൊച്ചിൻ ദേവസ്വം ബോർഡിന് കീഴിലാണ് പ്രശസ്തമായ എറണാകുളം ശിവക്ഷേത്രം. ക്ഷേത്രത്തിന് തെക്കുഭാഗത്ത് മൂന്നേക്കർ പത്ത് സെന്റ് ഭൂമിയാണ് എറണാകുളത്തപ്പൻ മൈതാനം.
എറണാകുളം ക്ഷേത്ര ക്ഷേമസമിതി ഭാരവാഹികൾ സ്വന്തം സ്വത്തുവകകൾ പണയംവച്ച് ബാങ്ക് വായ്പയെടുത്തും ഭക്തരിൽ നിന്നും പൊതുജനങ്ങളിൽ നിന്നും സംഭാവന പിരിച്ചുമാണ് ഭൂമി കൊച്ചിൻ കോർപ്പറേഷനിൽ നിന്ന് വാങ്ങി 2008ൽ എറണാകുളത്തപ്പന് സമർപ്പിച്ചത്. ദേവസ്വം ബോർഡിനും ക്ഷേത്രക്ഷേമ സമിതിക്കും മൈതാനത്തിൽ തുല്യാവകാശവുമുണ്ട്.
''ഹൈക്കോടതി ഇടപെടലിനെ സ്വാഗതം ചെയ്യുന്നു. ഉത്തരവ് മാർഗരേഖയായി സ്വീകരിക്കും. ക്ഷേത്രവും പരിസരവും ഏറ്റവും ശുചിയായി സൂക്ഷിക്കും""
പി.രാജേന്ദ്രപ്രസാദ്,
പ്രസിഡന്റ്, എറണാകുളം ക്ഷേത്ര ക്ഷേമസമിതി