കിഴക്കമ്പലം: രാത്രി യാത്രയ്ക്ക് ബസില്ലാത്തതിനാൽ പുക്കാട്ടുപടി, കിഴക്കമ്പലം, പള്ളിക്കര, പട്ടിമറ്റം നിവാസികൾ വലയുന്നു. സന്ധ്യകഴിഞ്ഞാൽ ഈ പ്രദേശങ്ങളിലേക്കെത്താൻ ഓട്ടോയോ ടാക്‌സിയോ പിടിക്കേണ്ട ഗതികേടിലാണ് ഇന്നാട്ടുകാർ. എറണാകുളം, തൃപ്പൂണിത്തുറ, ആലുവ, പെരുമ്പാവൂർ, മൂവാറ്റുപുഴ എന്നിവിടങ്ങളിൽ പോയി വരുന്നതിനും ദൂരസ്ഥലങ്ങളിൽ ജോലിക്കുപോയി മടങ്ങുന്നവരും ബസില്ലാത്തതിനാൽ ഏറെ ബുദ്ധിമുട്ട് അനുഭവിക്കുകയാണ്.
വ്യവസായ മേഖലയായ കിഴക്കമ്പലം, പള്ളിക്കര, കരിമുകൾ, അമ്പലമുകൾ എന്നിവിടങ്ങളിലേക്ക് പോകാൻ ആലുവ, തൃപ്പൂണിത്തുറ റെയിൽവേ സ്റ്റേഷനുകളിൽ രാത്രിയിൽ നൂറുകണക്കിന് തൊഴിലാളികളാണ് വന്നിറങ്ങുന്നത്. രാത്രി സർവീസ് നടത്തിയിരുന്ന കെ.എസ്.ആർ.ടി.സിയും സർവീസ് നിർത്തി. ഞായറാഴ്ചകളിലും മറ്റു ചില ദിവസങ്ങളിൽ അവസാനട്രിപ്പും പല പ്രൈവറ്റ് ബസുകളും മുടക്കുകയാണ്. ഇതു കൂടിയാകുന്നതോടെ സന്ധ്യമയങ്ങിയാൽ യാത്രാക്ളേശം ഇരട്ടിയാകും.
*കെ.എസ്.ആർ.ടി.സിയും നിർത്തി
വർഷങ്ങൾക്കുമുമ്പ് രാത്രി 10.50ന് ആലുവയിൽനിന്ന് അമ്പലമുകളിലേക്ക് കെ.എസ്.ആർ.ടി.സി സർവീസ് നടത്തിയിരുന്നതാണ്. ഷെഡ്യൂളുകൾ വെട്ടിക്കുറച്ചതോടെ അതും നിർത്തലാക്കി. പിന്നീട് ആലുവയിൽനിന്ന് തൃപ്പൂണിത്തുറയിലേക്ക് എട്ട് കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിച്ചെങ്കിലും അവയെല്ലാം നിർത്തലാക്കുകയും നഷ്ടത്തിലാണെന്ന് പറഞ്ഞ് റൂട്ട് റദ്ദു ചെയ്യുകയുമായിരുന്നു. 8000 രൂപയിൽത്താഴെമാത്രം കളക്ഷനാണ്പ്രൈ ലഭിക്കുന്നത്. വൻ നഷ്ടമായതിനാൽ സർവീസ് നിർത്തിയതെന്നാണ് അധികൃതരുടെ വിശദീകരണം. അതേസമയം പ്രൈവറ്റ് ബസുകാരെ സഹായിക്കാനാണ് റൂട്ട് റദ്ദ് ചെയ്തതെന്ന് ആരോപണവുമുണ്ട്.
*പരാതി നൽകും
യാത്രാക്‌ളേശം പരിഹരിക്കുന്നതിന് കെ.എസ്.ആർ.ടി.സി ബസുകൾ സർവീസ് പുനരാരംഭിക്കണം. അല്ലെങ്കിൽ ശക്തമായ സമരപരിപാടികൾ സംഘടിപ്പിക്കും
മനോജ് മനക്കേക്കര,
എസ്.സി മോർച്ച സംസ്ഥാന സെക്രട്ടറി