മൂവാറ്റുപുഴ : അപകടങ്ങൾ തുടർക്കഥയാകുമ്പോഴും ഇതൊഴിവാക്കുന്നതിന് ആവിഷ്കരിച്ച പായിപ്ര കവലയിലെ ഗതാഗത പരിഷ്കാരങ്ങൾ കടലാസിൽ ചിതലരിക്കുന്നു. പഞ്ചായത്ത് ഭരണസമിതിയുടെ നേതൃത്വത്തിൽ ആറുവർഷംമുമ്പ് പ്രതീക്ഷയോടെ കൊണ്ടുവന്ന പരിഷ്കാരങ്ങൾ നടപ്പാക്കാതെ വന്നതാണ് തിരക്കേറിയ കവലയെ ഞെരുക്കുന്നത്.
എം.സി റോഡിലെ ഏറ്റവും തിരക്കേറിയപായിപ്ര കവലയിൽ ഗതാഗത പരിഷ്ക്കാരം നടപ്പാക്കാൻ തീരുമാനം എടുത്ത് വർഷങ്ങൾ കഴിഞ്ഞിട്ടും നടപ്പിലാക്കുവാൻ പഞ്ചായത്ത് കമ്മിറ്റിക്കായിട്ടില്ല. ഗതാഗതപ്രശ്നങ്ങൾ രൂക്ഷമായതിനെത്തുടർന്ന് പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേർന്ന ഗതാഗത ഉപദേശകസമിതി യാണ് അടിയന്തിരമായി പരിഷ്കാരങ്ങൾ നടപ്പാക്കാൻ തീരുമാനിച്ചത്. ശക്തമായ എതിർപ്പുകൾ മുന്നിൽക്കണ്ടാണ് തീരുമാനമെടുത്തതെങ്കിലും അതിനുമുന്നിൽ മുട്ടുമടക്കി പദ്ധതി ഫ്രീസറിൽ വയ്ക്കുന്ന കാഴ്ചയാണ് പിന്നീട് കാണാനായത്. പരിഷ്കാരങ്ങൾ നടപ്പാക്കുന്നില്ലെന്ന വിമർശനമുയർന്നതോടെ വീണ്ടും മൂന്ന് യോഗങ്ങൾ ചേർന്നങ്കിലും തുടർനടപടിമാത്രം ഉണ്ടായിട്ടില്ല.
* നിർദ്ദേശിച്ചിരുന്ന പരിഷ്കാരങ്ങൾ
കവലയിലെ അനധികൃത പാർക്കിംഗ് തടയുന്നതിന് പുറമെ ബസ് സ്റ്റോപ്പുകൾ മാറ്റി സ്ഥാപിക്കുന്നതിനും പായിപ്ര റോഡിൽനിന്ന് എം.സി റോഡിലേക്കുവരുന്ന ബസുകൾ ഒഴികെയുള്ള ഭാരവണ്ടികൾ ബാസ്പ് റോഡുവഴി എം.സി റോഡിലെത്തി പോകുന്നതിനും തീരുമാനമെടുത്തിരുന്നു. ഇതിനുപുറമെ വണ്ടിപ്പേട്ട സ്ഥാപിച്ച് ലോറികൾ അടക്കമുള്ള വാഹനങ്ങൾ മാറ്റിസ്ഥാപിക്കുമെന്ന തീരുമാനവും കടലാസിലാണ്.
അപകടമേഖലയായി മാറിക്കഴിഞ്ഞ പലപ്രധാനകേന്ദ്രങ്ങളിലും ഓവർടേക്കിംഗ് ഒഴിവാക്കാൻ ട്രാഫിക് കോൺ, സ്ഥാപിക്കുന്നതിനും ഇവിടത്തെ ബസ് സ്റ്റോപ്പുകൾ നിലവിലുള്ള സ്ഥലങ്ങളിൽനിന്ന് മാറ്റി സ്ഥാപിക്കുന്നതിനും തീരുമാനിച്ചിരുന്നു. എസ് വളവ്, പള്ളിച്ചിറങ്ങര, തൃക്കളത്തൂർ, പേഴയ്ക്കാപ്പിള്ളി, പള്ളിപ്പടി തുടങ്ങിയ എം.സി റോഡ് ഭാഗങ്ങളിലും പരിഷ്കാരത്തിന്റെ ഭാഗമായി ട്രാഫിക് സിഗ്നലുകളും വേഗത നിയന്ത്രണ സംവിധാനവും ഒരുക്കുമെന്നും പ്രഖ്യാപിച്ചിരുന്നു. ഒന്നും നടപ്പാക്കാനാകാത്തതിനാൽ പായിപ്ര കവലയിൽ തിരക്കോടുതിരക്കും അപകടങ്ങളും വർദ്ധിക്കകയാണ്.
*ഗതാഗതത്തിരക്കേറിയ കവല
മൂവാറ്റുപുഴ - പെരുമ്പാവൂർ എം.സി റോഡിൽ പായിപ്ര പഞ്ചായത്തിന്റെ ആസ്ഥാനം സ്ഥിതിചെയ്യുന്ന കവല ഏറ്റവും തിരക്കേറിയ പ്രദേശമാണ്. നെല്ലിക്കുഴി - പേഴയ്ക്കാപ്പിള്ളി റോഡ് എം.സി റോഡുമായി സന്ധിക്കുന്ന കവല മൂവാറ്റുപുഴ പട്ടണത്തിന്റ കവാടമാണ്. നൂറുകണക്കിന് വ്യാപാരസ്ഥാപനങ്ങളും ആരാധനാലയങ്ങളും സ്കൂളുകളും മദ്രസയും മറ്റും സ്ഥിതിചെയ്യുന്ന കവലയിൽ ഗതാഗതക്കുരുക്കും അപകടങ്ങളും പതിവാണ്.
ബൈപ്പാസ് നിർമ്മിച്ചാൽ പായിപ്ര കവലയിലെ രൂക്ഷമായ ഗതാഗതക്കുരുക്കും അപകടങ്ങളും ശാശ്വതമായി ഒഴിവാക്കാനാകും. ഇതിനുള്ള നടപടികൾ അടിയന്തരമായി അധികാരികൾ സ്വീകരിക്കണം.
എം.എ. നൗഷാദ്,
പഞ്ചായത്ത് മെമ്പർ