rape

കൊച്ചി: തൃക്കാക്കര കൂട്ടമാനഭംഗക്കേസിൽ മൂന്നു പേരെക്കൂടി പ്രതി ചേർത്തെങ്കിലും സി.ഐ. സുനു ഉൾപ്പെടെ ആരെയും അറസ്റ്റ് ചെയ്യാതെ പൊലീസിന്റെ ഉരുണ്ടുകളി. പരാതിക്കാരിയുടെ രഹസ്യമൊഴി മജിസ്ട്രേറ്റ് മുമ്പാകെ രേഖപ്പെടുത്തി. പ്രതികളെ അറസ്റ്റ് ചെയ്യാൻ പര്യാപ്തമായ തെളിവുകൾ ലഭിച്ചില്ലെന്നാണ് പൊലീസ് ഭാഷ്യം.

യുവതിയുടെ പരാതിപ്രകാരം ഏഴു പേരെയാണ് ആദ്യം പ്രതി ചേർത്തത്. ഇവരിൽ അഞ്ചുപേരുടെ വിവരങ്ങൾ പരാതിക്കാരി നൽകി. കണ്ടാലറിയുന്നവരാണ് ഇവരിൽ രണ്ടു പേർ. തിങ്കളാഴ്ച പരാതിക്കാരി നൽകിയ മൊഴിയനുസരിച്ച് മൂന്നുപേരെ കൂടി പ്രതിചേർത്തു. ഇവരുടെയും പേരുവിവരങ്ങൾ യുവതിക്ക് അറിയില്ല. ഇവരെ തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്.

പരാതിക്കാരിയുടെ വീട്ടുജോലിക്കാരി വിജയലക്ഷ്‌മിയാണ് ഒന്നാം പ്രതി. തൃക്കാക്കര സ്വദേശി രാജീവ് രണ്ടും സുനു മൂന്നും ദേവസ്വം ജീവനക്കാരൻ അഭിലാഷ് നാലും കടവന്ത്ര സ്വദേശി ശശി അഞ്ചും പ്രതികളാണ്. മറ്റ് അഞ്ചുപേരാണ് കണ്ടാലറിയുന്നവർ. ഈ വർഷം മേയ് മുതലും ആഗസ്റ്റ് അവസാനം വരെയും പ്രതികൾ വിവിധ ദിവസങ്ങളിൽ മാനഭംഗം ചെയ്തെന്നാണ് മൊഴി.

കോഴിക്കോട്ടു നിന്ന് കസ്റ്റഡിയിലെടുത്ത് വിട്ടയച്ച കോസ്റ്റൽ പൊലീസ് സി.ഐ പി.ആർ. സുനു അന്വേഷണസംഘം നോട്ടീസ് നൽകിയതുപ്രകാരം ഇന്നലെ രാവിലെ 10ന് കാക്കനാട്ടെ അസിസ്റ്റന്റ് കമ്മിഷണർ പി.ബി. ബേബിയുടെ ഓഫീസിൽ ഹാജരായി. കാര്യമായ ചോദ്യം ചെയ്യലുണ്ടായില്ല. വൈകിട്ട് നാലിന് വിട്ടയച്ച സുനുവിനോട് ഇന്ന് വീണ്ടും ഹാജരാകാൻ പറഞ്ഞു. വിശദമായി അന്വേഷിക്കാതെ സുനുവിനെ അറസ്റ്റു ചെയ്യാൻ കഴിയില്ലെന്ന് ഡെപ്യൂട്ടി പൊലീസ് കമ്മിഷണർ എസ്. ശശിധരൻ പറഞ്ഞു. സുനുവിനെതിരെ മറ്റു രണ്ട് കേസുകൾ കൂടിയുണ്ട്. ഒരു കേസ് വിചാരണയിലാണെന്നും അദ്ദേഹം പറഞ്ഞു.