ആലുവ: ആലുവ - പെരുമ്പാവൂർ റോഡിലെ അറ്റകുറ്റപ്പണിക്ക് പണം അനുവദിച്ചിട്ടും നടപ്പിലാക്കുന്നില്ലെന്ന് എം.എൽ.എയുടെ പരാതി. രേഖാമൂലം കോടതിക്ക് നൽകിയ ഉറപ്പുപോലും പാലിക്കാത്ത സർക്കാരിന്റെയും കെ.ആർ.എഫ്.ബിയുടെയും നിലപാട് ഗുരുതരമായ അനാസ്ഥയും ജനങ്ങളോടുള്ള വെല്ലുവിളിയുമാണെന്ന് എം.എൽ.എ ആരോപിച്ചു.

കോടതിക്ക് നൽകിയ ഉറപ്പ് പ്രകാരം നവംബർ 15ന് റീ ടാറിംഗ് ആരംഭിക്കേണ്ടതാണ്. എന്നാൽ ഇതിനുള്ള ഒരു നടപടിയും കെ.ആർ.എഫ്.ബിയുടെ ഭാഗത്തുനിന്നുണ്ടായിട്ടില്ല. പെരുമ്പാവൂർ റോഡിലെ കുഴികളിൽ വീണ് വാഹനങ്ങൾ അപകടത്തിൽപ്പെടുന്നതും യാത്രക്കാർക്ക് ഗുരുതരമായ പരിക്കേൽക്കുന്നതും മരണം സംഭവിക്കുന്നതും നിയമസഭയിൽ ഉന്നയിക്കപ്പെട്ടിട്ടുണ്ട്. ഹൈക്കോടതി വിഷയത്തിൽ സ്വമേധയ ഇടപെടുകയും ചെയ്തിതിരുന്നു.

സെപ്തംബർ 16ന് ഇടപ്പള്ളിയിലെ കെ.ആർ.എഫ്.ബി ഓഫീസ് അൻവർ സാദത്ത് എം.എൽ.എയുടെ നേതൃത്വത്തിൽ ഉപരോധിച്ചിരുന്നു. കുഴികൾ അടച്ച് ബി.എം ബി.സി നിലവാരത്തിൽ റോഡ് ടാറിംഗിനുള്ള അടിയന്തര നടപടികൾ സ്വീകരിക്കാമെന്ന് രേഖാമൂലം നൽകിയ ഉറപ്പിന്റെ അടിസ്ഥാനത്തിലാണ് അന്ന് ഉപരോധം അവസാനിപ്പിച്ചത്. റോഡിലെ കുഴിയിൽ വീണ് മാറംപിള്ളി സ്വദേശി കുഞ്ഞുമുഹമ്മദ് മരണമടഞ്ഞപ്പോൾ കോടതി സ്വമേധയാ കേസെടുത്ത് തുടർനടപടികളെന്തന്ന് ബോദ്ധ്യപ്പെടുത്തണമെന്ന് നിർദ്ദേശിച്ചിരുന്നു. ഇതേത്തുടർന്ന് റോഡ് റീ ടാറിംഗ് നടത്താമെന്ന് കോടതിക്ക് ഉറപ്പുംനൽകിയിരുന്നു. രേഖാമൂലമുള്ള ഉറപ്പിൽ ഈ റോഡിന്റെ ബി.എംബി.സി നിലവാരത്തിലുള്ള റീടാറിംഗ് നടത്തുന്നതിനുള്ള ഭരണാനുമതി കിഫ്ബിയിൽനിന്ന് സെപ്തംബർ 23നും സാങ്കേതികനുമതി 25നും ലഭിച്ചിരുന്നു. ടെൻഡർ പ്രസിദ്ധീകരണം 28 നും ടെൻഡർ സ്വീകരിക്കുന്നത് ഒക്ടോബർ 20നും ടെൻഡർ തുറക്കുന്നത് 31നും തുടർന്ന് വർക്ക് ഓർഡർ നവംബർ ഏഴിനും നൽകി 15ന് പ്രവൃത്തി ആരംഭിക്കുമെന്നുമാണ് രേഖപ്പെടുത്തിയിട്ടുള്ളത്. അതാണിപ്പോൾ അട്ടിമറിക്കപ്പെട്ടിരുന്നത്.

സർക്കാരും കിഫ്‌ബിയും കെ.ആർ.എഫ്.ബിയും പി.ഡബ്ലു.ഡിയും അലംഭാവം വെടിഞ്ഞ് എത്രയുംവേഗം ആലുവ പെരുമ്പാവൂർ റോഡിന് അടിയന്തരമായി ഫണ്ടനുവദിച്ച് ബി.എം ബി.സി നിലവാരത്തിൽ റീടാറിംഗ് നടത്തി സുഗമമായ ഗതാഗതത്തിനൊരുക്കി ജനങ്ങളുടെ ജീവന് സുരക്ഷ ഒരുക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.