kseb-paravur
ഡബിൾ സർക്യൂട്ട് ഹൈ എക്സ്റ്റൻഷൻ ടവർ ലൈനുകൾ പോകുന്നിടത്ത് മണ്ണിട്ട് ഉയർത്തിയപ്പോൾ

പറവൂർ: ആനച്ചാൽ തണ്ണീർത്തട ഭൂമിയിലെ അനധികൃത നികത്തൽകാരണം 110 കെ.വി ഡബിൾ സർക്യൂട്ട് ഹൈ എക്സ്റ്റൻഷൻ ടവർലൈനുകൾ അപകടാവസ്ഥയിൽ. അനുമതിയില്ലാതെ ടവറുകൾക്ക് താഴെ മണ്ണടിക്കുകയും ടവറിന്റെ പല ഭാഗങ്ങളും അഴിച്ചുമാറ്റിയതിനെയും തുടർന്നാണ് അപകടാവസ്ഥ നിലനിൽക്കുന്നത്. കളമശേരി ട്രാൻസ്മിഷൻ ലൈൻ എക്സിക്യുട്ടീവ് എൻജിനിയർ സുനിൽ, അസിസ്റ്റന്റ് എൻജിനിയർ അജിത്ത്നാഥ് എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. ടവറിലെ 102 ക്രോസ് ബാറുകൾ അഴിച്ചുമാറ്റിയതായി കണ്ടെത്തി. ആറ് മീറ്റർ ഗ്രൗണ്ട് ക്ലിയറൻസ് വേണ്ടടിടത്ത് നാല് മീറ്റർ മാത്രമായി ചുരുങ്ങി.

ടവറുകൾ മറിഞ്ഞാൽ പറവൂർ, കരുമാലൂർ, ചെറായി, വരാപ്പുഴ, വടക്കേക്കര, കോട്ടുവള്ളി തുടങ്ങിയ പ്രദേശങ്ങളിൽ ദിവസങ്ങളോളം വൈദ്യുതി നിലയ്ക്കുന്ന സ്ഥിതിയാണ്. മൂന്ന് ടവറുകളുടെ അടിയിൽ മണ്ണടിച്ചിട്ടു നികത്തിയിട്ടുണ്ട്. പ്രദേശത്ത് ഒമ്പത് ഹൈഎക്സ്റ്റെൻഷൻ ടവറുകൾ സ്ഥിതിചെയ്യുന്നുണ്ട്. ടവറുകളുടെ അടിയിൽ നിന്ന് മണ്ണ് എത്രയുംവേഗം നീക്കം ചെയ്യണമെന്നാവശ്യപ്പെട്ട് സ്ഥലംഉടമയ്ക്ക് കെ.എസ്ഇ.ബി അധികൃതർ നോട്ടീസ് നൽകി.