udl-theatre

കളമശേരി: വളങ്ങൾ സൂക്ഷിക്കുന്ന ഗോഡൗണായി മാറിയ ഫാക്ടിന്റെ പഴയ ഉദ്യോഗമണ്ഡൽ ടാക്കീസ് മൾട്ടിപ്ളക്സായി പുനർജനിക്കും. ഇതിനായി ഫിനാൻസ് ഡിപ്പാർട്ടുമെന്റ് ക്ലിയറൻസ് നൽകി. ടെൻഡർ നടപടികളും പൂർത്തീകരിച്ചു. അടുത്ത ഫെബ്രുവരിയോടെ മറ്റ് നടപടിക്രമങ്ങളിലേക്ക് കടക്കും.

1962ൽ എം.കെ.കെ.നായർ തുടക്കമിട്ട ഉദ്യോഗമണ്ഡൽ തിയേറ്റർ 2004ൽ പ്രവർത്തനം നിലച്ചു. പൊതുമേഖലാസ്ഥാപനത്തിന് കീഴിൽ സിനിമാ തിയേറ്റർ നടപ്പാക്കിയത് രാജ്യത്ത് ആദ്യമായിരുന്നു.

സിനിമാ നിർമ്മാതാവായിരുന്ന ടി.കെ.പരീക്കുട്ടിയാണ് കരാർ അടിസ്ഥാനത്തിൽ ഉദ്യോഗമണ്ഡൽ ടാക്കീസ് തുടക്കത്തിൽ നടത്തിയത്. ചെമ്മീൻ സിനിമ ഫാക്ട് ലളിതകലാകേന്ദ്രം അംഗങ്ങൾക്കായി ഉദ്യോഗമണ്ഡൽ ടാക്കീസിൽ രാവിലെ പ്രദർശിപ്പിച്ചത് എം.കെ.കെ.നായരുടെ സ്വാധീനത്താലായിരുന്നു.

തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിത, ലളിത, രാഗിണി, പത്മിനി, മഞ്ജുഭാർഗവി, പത്മ സുബ്രമണ്യം, സോണൽമാൻ സിംഗ്, വെമ്പട്ടി ചിന്നസത്യം തുടങ്ങിയവരുടെ നൃത്തനൃത്യങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്.

ഉഷാ ഉതുപ്പ്, യേശുദാസ്, ജയചന്ദ്രൻ, ബാലമുരളീകൃഷ്ണ, ലാൽഗുഡി ജയരാമൻ, മാൻഡൊലിൻ ശ്രീനിവാസൻ തുടങ്ങിയവരുടെ സംഗീത പരിപാടികൾ, സത്യൻ, നസീർ, ഉമ്മർ, അടൂർഭാസി, ബഹദൂർ, ഷീല, ശാരദ തുടങ്ങിയവർ വിവിധ പരിപാടികൾ എന്നിവയും അവതരിപ്പിക്കപ്പെട്ടിട്ടുണ്ട്. തോപ്പിൽ ഭാസി, എൻ.എൻ.പിള്ള, കെ.ടി.മുഹമ്മദ്, ഒ.മാധവൻ, എസ്.എൽ.പുരം തുടങ്ങിയവരുടെ നാടകങ്ങളും അരങ്ങേറിയിട്ടുണ്ട്.