angana

കൊച്ചി: ജീവിതശൈലിക്ക് അനുസൃതമായി സ്ത്രീകളുടെ ആരോഗ്യപരിപാലനം ഉറപ്പാക്കാൻ തൃശൂർ ആസ്ഥാനമായ അഷ്ടവൈദ്യൻ തൈക്കാട്ട് മൂസ് വൈദ്യരത്‌നം ഔഷധശാല രണ്ടുപദ്ധതികൾ ആരംഭിക്കുന്നു. അമ്മയും കുഞ്ഞും: പ്രസവ ശുശ്രൂഷ, അംഗന എന്നിവയാണവ.

പ്രസവശേഷം അമ്മയുടെയും കുഞ്ഞിന്റെയും സമ്പൂർണ ആയുർവേദ പരിചരണം വീട്ടന്തരീക്ഷത്തിൽ ലഭ്യമാക്കുന്നതാണ് അമ്മയും കുഞ്ഞും: പ്രസവ ശുശ്രൂഷ പദ്ധതി. വൈദ്യരത്‌നം കോഴിക്കോട് കേന്ദ്രത്തിലാണ് പദ്ധതി ആദ്യം നടപ്പാക്കുക. പരമ്പരാഗത പ്രസവരക്ഷാ ആയുർവേദ വിധിപ്രകാരം ഉഴിച്ചിൽ, വേതുകുളി, മുഖലേപം ചികിത്സകളിലൂടെ വനിതാ ഡോക്ടർമാരുടെയും തെറാപ്പിസ്റ്റുകളുടെയും മേൽനോട്ടത്തിൽ ചെയ്യും.

പ്രസവരക്ഷാ ഔഷധങ്ങളും നൽകും. മാനോവിഷമങ്ങൾ പരിഹരിക്കാൻ മനഃശാസ്ത്ര പിന്തുണയും കൗൺസലിംഗുമുണ്ടാകും. ആയുർവേദത്തിലൂടെ കൗമാരക്കാർക്കുള്ള കരുതൽ, ശാക്തീകരണം, ആരോഗ്യം എന്നിവയാണ് അംഗനയുടെ ലക്ഷ്യങ്ങൾ. മാനസികവും ശാരീരികവുമായ പ്രശ്‌നങ്ങൾ ചർച്ച ചെയ്യാനും പരിഹരിക്കാനുമുള്ള വേദിയാണിത്. രാവിലെ 9 മുതൽ രാത്രി 9 വരെ 1800-425-12221 എന്ന നമ്പറിൽ വിളിക്കാം. വൈദ്യരത്‌നത്തിലെ 30 ഡോക്ടർമാരടങ്ങിയ പാനലാണ് പ്രശ്നങ്ങൾ കൈകാര്യം ചെയ്യുക.
സ്ത്രീകളുടെയും കൗമാരക്കാരുടെയും ആരോഗ്യപ്രശ്നങ്ങൾ നേരിടാൻ വൈദ്യശാസ്ത്രപരവും വൈകാരികവുമായ കൈത്താങ്ങ് നൽകുന്നതാണ് പദ്ധതികളെന്ന് വൈദ്യരത്നം മാനേജിംഗ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.ഇ.ടി.നീലകണ്ഠൻ മൂസ്, എക്സിക്യുട്ടീവ് ഡയറക്ടർ അഷ്ടവൈദ്യൻ ഡോ.യദു നാരായണൻ മൂസ് എന്നിവർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.