queen-of-kochi

കൊച്ചി: പശ്ചിമകൊച്ചിയിലെ വിദ്യാർത്ഥികളെ കലാകായിക പ്രവർത്തനങ്ങളിൽ വ്യാപൃതരാക്കി ലഹരിയിൽ നിന്ന് അകറ്റിനിറുത്താനും ക്രിയാത്മക സമൂഹമാക്കി വളർത്താനും കെ.ജെ.മാക്സി എം.എൽ.എയുടെ നേതൃത്വത്തിൽ 'ക്വീൻ ഒഫ് അറേബ്യൻ സീ" ഫുട്‌ബോൾ അക്കാഡമി ആരംഭിക്കും.

സംസ്ഥാന സർക്കാരിന്റെ ലഹരിവിരുദ്ധ പ്രചാരണത്തിന്റെ ചുവടുപിടിച്ചാണിത്. കൊച്ചി നിയമസഭാ മണ്ഡലത്തിലെ 10 വയസിനുമുകളിൽ പ്രായമുള്ള എല്ലാകുട്ടികൾക്കും അക്കാഡമിയിൽ പരിശീലനം നൽകും. ശാസ്ത്രീയമായ പരിശീലനം നൽകി മികച്ച വനിത, പുരുഷ താരങ്ങളെ സൃഷ്ടിച്ച് ടീമായി രൂപപ്പെടുത്തുകയാണ് ലക്ഷ്യം. ദേശീയതലത്തിൽ പ്രാഗത്ഭ്യം തെളിയിച്ച പരിശീലകരെയും നിയമിക്കും.

കൊച്ചിൻ കോളേജ് ഗ്രൗണ്ടിൽ ദിവസവും രാവിലെ 6 മുതൽ 7.30 വരെയായിരിക്കും പരിശീലനം. ഡിസംബർ ആദ്യവാരം ക്യാമ്പ് ആരംഭിക്കും. സ്ഥാപനങ്ങളുടെ സാമൂഹിക പ്രതിബദ്ധതാ ഫണ്ട് (സി.എസ്.ആർ) ഉപയോഗിച്ചും സ്‌പോൺസർഷിപ്പ് വഴിയുമാണ് പദ്ധതിക്ക് ധനം സമാഹരിക്കുന്നത്. അക്കാഡമിയിൽ പരിശീലനം നേടാൻ താത്പര്യമുള്ളവർ 30നകം പേര് രജിസ്റ്റർ ചെയ്യണം. ഫോൺ : 9895147102, 9995221437, 9895351895

''വളർന്നുവരുന്ന തലമുറയെ മെച്ചപ്പെട്ട ആരോഗ്യവും ഊർജ്ജവുമുള്ള ക്രിയാത്മക സമൂഹമാക്കി ഭാവികാലത്തേക്ക് മുതൽക്കൂട്ടാക്കുക എന്നതാണ് പദ്ധതിയുടെ പരമപ്രധാന ലക്ഷ്യം""

കെ.ജെ. മാക്‌സി എം.എൽ.എ