കൊച്ചി: നൂറ്റാണ്ടു പിന്നിട്ട സഭാതർക്കം ശാശ്വതമായി അവസാനിപ്പിക്കാൻ നിയമനിർമ്മാണം മാത്രമേ വഴിയുള്ളൂവെന്ന് യാക്കോബായ സഭ. സർക്കാർ നടത്തുന്ന സമാധാന ചർച്ചകളിൽ നിന്ന് ഓർത്തഡോക്‌സ് സഭ പിന്മാറിയത് അപലപനീയമാണെന്ന് യാക്കോബായസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റി ജോസഫ് ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത പറഞ്ഞു.

സമാധാനശ്രമങ്ങളോട് ഓർത്തഡോക്‌സ് സഭ സഹകരിക്കണം. സമാധാന പരിപാലനത്തിനും സൗഹാർദ്ദപരമായ അന്തരീക്ഷം സൃഷ്ടിക്കാനും സർക്കാർ നിയമം നിർമ്മിച്ച് നടപ്പാക്കണം.

അഞ്ഞൂറിലധികം കോടതി വിധികളും അത്രത്തോളം ചർച്ചകളും നടന്നെങ്കിലും ഫലമുണ്ടായില്ല. നിയമനിർമ്മാണം മാത്രമാണ് പോംവഴി.

മദ്ധ്യസ്ഥശ്രമങ്ങളോട് അനുകൂല നിലപാടാണ് യാക്കോബായസഭ സ്വീകരിച്ചത്. കോടതി വിധികളിലെ ചില ഭാഗങ്ങൾ ഉദ്ധരിച്ച് തങ്ങൾക്ക് അനുകൂലമാണെന്ന് തെറ്റിധരിപ്പിച്ച് പള്ളികളും സെമിത്തേരികളും വസ്തുവകകളും കൈക്കലാക്കാൻ മറുപക്ഷം ശ്രമിക്കുകയാണ്.
കോടതിവിധികൾ നിലനിൽക്കെ സംസാരിച്ചു പ്രശ്‌നങ്ങൾ പരിഹരിക്കാൻ നിരവധി ഇടവകകൾക്കു സാധിച്ചു. സഭകളുടെ അഭിവൃദ്ധിക്കും വരുംതലമുറ സമാധാനത്തിലും ഐക്യത്തിലും ജീവിക്കാനും സർക്കാർ നടത്തുന്ന ശ്രമങ്ങളെ പിന്തുണയ്ക്കുമെന്ന് മെത്രാപ്പോലീത്ത അറിയിച്ചു.