മൂവാറ്റുപുഴ: ലാറ്റക്സിന് തറവില നിശ്ചയിക്കാത്തതിൽ പ്രതിഷേധിച്ച് കർഷകർ റബർപാൽ ഓടയിൽ ഒഴുക്കി പ്രതിഷേധിച്ചു. റബറിന്റെയും ലാറ്റക്സിന്റെയും വിലയിടിവിൽ കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കർഷകരെ സഹായിക്കുവാൻ കേന്ദ്ര, സംസ്ഥാന ഗവൺമെന്റുകളും റബർബോർഡും ഇടപെടണമെന്ന് ആവശ്യപ്പെട്ട് പെരിയാർ ലാറ്റക്സ് കർഷകസംഘത്തിന്റെ ആഭിമുഖ്യത്തിൽ മൂവാറ്റുപുഴയിൽ നടത്തിയ പ്രതിഷേധ സംഗമത്തിലായിരുന്നു പ്രതിഷേധം. പെരിയാർ ലാറ്റക്സ് കമ്പനി ഡയറകൾ വി.ആർ. പങ്കജാക്ഷൻനായർ ഉദ്ഘാടനം ചെയ്തു. കർഷകസംഘം പ്രസിഡന്റ് ടി.ഐ. വർഗീസ് അദ്ധ്യക്ഷത വഹിച്ചു. റബർ ഉത്പാദകസംഘങ്ങളെ പ്രതിനിധീകരിച്ച് പി.വി. തോമസ്, ബെന്നി വർഗീസ്, ജോർജ് മുടക്കുഴ, കെ എം. തോമസ്, സജി ടി. ജേക്കബ്, ഫ്രാൻസിസ് പോൾ, ജോൺ പോൾ, എം.ജെ. ജോസഫ്, സണ്ണി ടി.പി, ജോസഫ് എം.ജെ, രാമചന്ദ്രൻ, മാത്യു ഫിലിപ്പ് എന്നിവർ സംസാരിച്ചു.