ആലുവ: അടിയന്തരാവസ്ഥയ്ക്കെതിരായ സമരം രണ്ടാംസ്വാതന്ത്ര്യസമരമായി പ്രഖ്യാപിക്കണമെന്ന് അസോസിയേഷൻ ഒഫ് എമർജൻസി വിക്ടിംസ് സംസ്ഥാന ജനറൽ സെക്രട്ടറി ആർ. മോഹനൻ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു. ഇത് സംബന്ധിച്ച് പലവട്ടം നിവേദനം നൽകിയിട്ടും കേന്ദ്രസർക്കാർ അനുകൂല നടപടിയെടുത്തിട്ടില്ല.

ഒമ്പത് സംസ്ഥാനങ്ങളിൽ ഇതിനകം അടിയന്തരാവസ്ഥക്കെതിരായ സമരത്തിൽ പങ്കെടുത്തവർത്തവർക്ക് പെൻഷൻ ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകിയിട്ടുണ്ട്. ഭരണകൂട ഭീകരതയുടെ മർദ്ദനത്തിനിരയായ നിരവധിപേർ ഇപ്പോഴും ചികിത്സയ്ക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്നുണ്ട്. ഇവർക്ക് മതിയായ ചികിത്സ ലഭ്യമാക്കണം. സംഘടന സ്വന്തം നിലയിൽ സംസ്ഥാനത്തെ 250 പേർക്ക് ചികിത്സാസഹായം നൽകുന്നുണ്ട്. രാജ്യത്താകമാനം 1,75,000 പേരും കേരളത്തിൽ 10,000 പേരും എറണാകുളം ജില്ലയിൽ 580 പേരും സമരത്തിന്റെ ഭാഗമായി.

ജില്ലാ കുടുംബസംഗമം 19ന്

ജില്ലയിലെ അടിയന്തരാവസ്ഥ വിരുദ്ധ സമരസേനികളുടെ കുടുംബസംഗമം 19ന് രാവിലെ 10ന് ആലുവ മഹാത്മാഗാന്ധി ടൗൺഹാളിൽ സംവിധായകൻ മേജർ രവി ഉദ്ഘാടനം ചെയ്യുമെന്ന് സ്വാഗതസംഘം ചെയർമാനും റിട്ട. ജില്ലാ ജഡ്ജിയുമായ സുന്ദരം ഗോവിന്ദ് പറഞ്ഞു. അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് കെ. ശിവദാസ് വിഷയമവതരിപ്പിക്കും. 47വർഷംമുമ്പ് നടന്ന അടിയന്തരാവസ്ഥ വിരുദ്ധ സമരത്തിന്റെ ജില്ലയിലെ ചരിത്രം എന്ന പുസ്തകം ചരിത്ര ഗവേഷണ കൗൺസിൽ അംഗം ഡോ. സി.ഐ ഐസക് പ്രകാശിപ്പിക്കും. സമരനായിക സീതാലക്ഷ്മി അമ്മ ആദ്യപതിപ്പ് ഏറ്റുവാങ്ങും.

സ്വാഗതസംഘം ജനറൽ കൺവീനർ വിജയൻ കുളത്തേരി, അസോസിയേഷൻ ജില്ലാ പ്രസിഡന്റ് പി.വി. പരമേശ്വരൻ, സെക്രട്ടറി എ.കെ. മോഹനൻ, താലൂക്ക് പ്രസിഡന്റ് ടി.ആർ. മോഹനൻ എന്നിവരും പത്രസമ്മേളനത്തിൽ പങ്കെടുത്തു.