ചോറ്റാനിക്കര: ചോറ്റാനിക്കര പഞ്ചായത്തിൽ ഒമ്പതാം വാർഡിൽ മുളന്തുരുത്തി ബ്ലോക്കിൽ കണയന്നൂർ വില്ലേജിൽ സർവേ നമ്പർ 105/225 സെന്റ് സ്ഥലത്ത് പുരയിടം കുന്നിടിച്ച് അനധികൃത മണ്ണെടുപ്പ് നടത്തി സി.പി.എം നേതാവ്.
സി.പി.എം തൃപ്പൂണിത്തുറ ഏരിയ കമ്മിറ്റി അംഗമാണ് പുരയിടത്തിൽ (മണ്ണഞ്ചേരി കുന്ന്) മണ്ണെടുപ്പ് നടത്തിയത്. മൈനിംഗ് ആൻഡ് ജിയോളജിയുടെ അനുമതിയില്ലാതെ ഇന്നലെ രാവിലെ ആറുമുതലാണ് പഞ്ചായത്ത് ഓഫീസിന് സമീപത്തുള്ള അയ്യൻകുഴി ഗ്ലോബൽ റോഡിന് സമീപമുള്ള പുരയിടത്തിൽ മണ്ണെടുപ്പ് ആരംഭിച്ചത്.
സമീപവാസിയുടെയും നാട്ടുകാരുടെയും പരാതിയെ തുടർന്ന് വാർഡ് മെമ്പർ ലൈജു ജനകൻ വില്ലേജ് ഓഫീസർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഖനനം നിറുത്തിവെപ്പിച്ചു. കണയന്നൂർ വില്ലേജ് ഓഫീസർ സ്ഥലം ഉടമയെ വില്ലേജ് ഓഫീസിലേക്ക് വിളിച്ചുവരുത്തി സ്റ്റോപ്പ് മെമ്മോ നൽകി.