മൂവാറ്റുപുഴ: സ്വകാര്യ ബസുകളുടെ പണിമുടക്ക് കിഴക്കൻ മേഖലയിലെ യാത്രക്കാരെ ദുരിതത്തിലാക്കി. അത്യാവശ്യ കാര്യങ്ങൾ നിർവഹിക്കേണ്ടവർ ഓട്ടോറിക്ഷകളെയും മറ്റു സ്വകാര്യ വാഹനങ്ങളെയും ആശ്രയിക്കുകയായിരുന്നു. സ്വകാര്യ ബസുകളെ മാത്രം ആശ്രയിച്ച് യാത്രചെയ്തുവരുന്ന ഗ്രാമീണ മേഖലകളാണ് പണിമുടക്കിൽ ദുരിതത്തിലായത്.
ജില്ലാതല പണിമുടക്കായതിനാൽ മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി. ഡിപ്പോയിൽനിന്ന് സ്വകാര്യബസുകൾ മാത്രം സർവീസ് നടത്തുന്ന ഗ്രാമീണ മേഖലകളിലേക്ക് കൂടുതൽ സർവീസ് നടത്തുന്നതിനും കഴിഞ്ഞില്ല.
ദേശസാത്കൃത റൂട്ടായ മൂവാറ്റുപുഴ- എറണാകുളം റൂട്ടിൽ മാത്രമാണ് വലിയ യാത്രാക്ളേശം ഉണ്ടാകാതിരുന്നത്. പട്ടിമറ്റം-കലൂർ റൂട്ടിലും, മൂവാറ്റുപുഴ-വൈറ്റില റൂട്ടിലും കെ.എസ്.ആർ.ടി.സി ഷട്ടിൽ സർവീസുകൾ പതിവുപോലെ സർവീസ് നടത്തി.
എന്നാൽ തൊടുപുഴ, പെരുമ്പാവൂർ റൂട്ടുകളിൽ സ്വകാര്യബസ് പണിമുടക്ക് ജനത്തെ വലച്ചു. കോതമംഗലം, കാളിയാർ, വണ്ണപ്പുറം, പോത്താനിക്കാട്, കല്ലൂർക്കാട്, പിറവം, ആരക്കുഴ, പണ്ടപ്പിള്ളി വഴി കൂത്താട്ടുകുളം, പായിപ്ര, മുളവൂർ, രണ്ടാർകര, മേതല, ചെറുവട്ടൂർ തുടങ്ങിയ പ്രദേശങ്ങളിലുള്ളവർക്ക് സ്വകാര്യ വാഹനങ്ങളെ ആശ്രയിക്കേണ്ടിവന്നു. വിദ്യാർത്ഥികൾ അടക്കമുള്ള നിരവധിപേർ ഏറെ ബുദ്ധിമുട്ടിയാണ് സ്കൂളുകളിലും സ്ഥാപനങ്ങളിലും എത്തിയത്. സ്കൂളുകളിലും പല ഓഫീസുകളിലും ഹാജർ നില കുറവായിരുന്നു.