പറവൂർ: ആനച്ചാലിൽ അനധികൃതമായി പതിനാറ് ഏക്കർ കണ്ടൽക്കാടുകൾ നിറഞ്ഞ തണ്ണീർത്തടം നികത്തിയതിനെതിരെ എ.ഐ.വൈ.എഫ് പറവൂർ മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധപ്രകടനവും സമരവും നടത്തി. സി.പി.ഐ മണ്ഡലം സെക്രട്ടറി കെ.പി. വിശ്വനാഥൻ ഉദ്ഘാടനം ചെയ്തു. എ.ഐ.വൈ.എഫ് മണ്ഡലം പ്രസിഡന്റ് ഷിറിയസ് തോമസ് അദ്ധ്യക്ഷത വഹിച്ചു.
അനധികൃതമായി നികത്തിയ സ്ഥലം പൂർവസ്ഥിതിയിലാക്കണമെന്നും നികത്താൻ കൂട്ടുനിന്ന ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. ജില്ലാ ജോയിന്റ് സെക്രട്ടറി ഡിവിൻ കെ. ദിനകരൻ, മണ്ഡലം സെക്രട്ടറി എം.എ. സിറാജ്, ടി.എ. ബഷീർ, നിമിഷ രാജു, സുനിൽ സുകുമാരൻ, പി.വി. സാജു, രാജേഷ് എന്നിവർ സംസാരിച്ചു.