മട്ടാഞ്ചേരി: സെർവർ തകരാർമൂലം തുടർച്ചയായ മൂന്നാംദിവസവും വ്യാപാരികളെയും ഉപഭോക്താക്കളെയും വലച്ച് റേഷൻവിതരണം മുടങ്ങി. ഇ-പോസ് മെഷീനിൽ വിരലമർത്തിയാലും ഒ.ടി.പി ലഭ്യമാകാത്തതാണ് പ്രധാന പ്രതിസന്ധി. ഇതുമൂലം ഏറെകാത്തിരുന്നവർക്കുപോലും സാധനങ്ങൾ വാങ്ങാൻ കഴിയാതെയായി.

ഹൈദരാബാദിലെ ആധാർ സെർവറാണ് ഉപഭോക്താക്കളുടെ തിരക്കുമൂലം ജാമായി പണിമുടക്കുന്നത്. നേരത്തേ ഇത്തരത്തിൽ റേഷൻ വിതരണം തടസ്സപെട്ടപ്പോൾ ഭക്ഷ്യമന്ത്രിയുടെ നേതൃത്വത്തിൽ ഹൈദരാബാദ് സന്ദർശിക്കുകയും ഹെൽപ്പ് ഡെസ്ക് സ്ഥാപിക്കുകയും ചെയ്‌തിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് വ്യാപാരികൾ പറയുന്നു. പ്രശ്നപരിഹാരത്തിന് ഫലപ്രദമായ നടപടികൾ വേണമെന്ന് ഓൾ കേരളാ റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് അഡ്വ. ജോണി നെല്ലൂർ, ജനറൽ സെക്രട്ടറി ടി.മുഹമ്മദാലി, സി.മോഹനൻ പിള്ള എന്നിവർ ആവശ്യപ്പെട്ടു.