കൊച്ചി: മാലിന്യം കാനയിലേക്ക് ഒഴുക്കുന്നതായി കണ്ടെത്തിയതിനെത്തുടർന്ന് താത്കാലികമായി അടച്ചു പൂട്ടാൻ കൊച്ചി നഗരസഭ നോട്ടീസ് നൽകിയ ഹോട്ടലുകളിൽ 14 പേർ ഹൈക്കോടതിയെ സമീപിച്ചു. തങ്ങൾക്ക് സ്വന്തമായി മാലിന്യ സംസ്കരണ സംവിധാനമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണിത്. ഹർജിക്കാർ 48 മണിക്കൂറിനുള്ളിൽ മാലിന്യ സംസ്കരണ സംവിധാനമുണ്ടെന്നു വ്യക്തമാക്കി നഗരസഭയ്ക്ക് മറുപടി നൽകണമെന്നും ഇങ്ങനെ മറുപടി ലഭിക്കുന്ന പക്ഷം നഗരസഭാ സെക്രട്ടറി പരിശോധന നടത്തി അന്തിമ തീരുമാനമെടുക്കണമെന്നും ജസ്റ്റിസ് എൻ. നഗരേഷ് നിർദ്ദേശിച്ചു. ഹർജികൾ അടുത്തയാഴ്‌ച വീണ്ടും പരിഗണിക്കാൻ മാറ്റി. മാലിന്യം കാനയിലേക്ക് ഒഴുക്കിയ 40 ലേറെ ഹോട്ടലുകൾക്കാണ് നഗരസഭ നോട്ടീസ് നൽകിയത്.