parady
പാരഡിപ്പാട്ടിന്റെ അണയറ പ്രവർത്തകർ

കൊച്ചി: ഖത്തറിൽ ലോകകപ്പ് ഫുട്ബാൾ മാമാങ്കത്തിന് കളമൊരുങ്ങുമ്പോൾ എറണാകുളം പെരുമ്പാവൂരിൽ സാധാരണക്കാരായ ഒരുസംഘം അർജന്റീനി​യയുടെ കട്ട ഫാൻസ് അരങ്ങ് തകർക്കാൻ പാരഡിഗാനം ഒരുക്കുന്ന തിരക്കിലാണ് . 'അർജന്റീനിയൊരുങ്ങിയിറങ്ങും ആഘോഷത്തിന്റെ നാളാണേ..... ഒന്നാം നമ്പറിലെത്താനായ് അ‌ർജന്റീനയൊരുങ്ങുന്നേ".

(പാലാപ്പള്ളി മോഡൽ) എന്ന് തുടങ്ങി ലോകകപ്പിൽ അ‌ർജന്റീനയ്ക്ക് ആശംസ നേർന്നും ആരാധന അറിയിച്ചും പെരുമ്പാവൂർ ഷിബുദാസ് രചിച്ച് ഓട്ടോ ഡ്രൈവറായ മുടക്കുഴ സുബ്രഹ്മണ്യൻ, രവിരാജ് എന്നിവർ ആലാപിച്ച ഗാനമാണ് റെക്കോഡിംഗ് കഴിഞ്ഞ് സാമൂഹ്യമാദ്ധ്യമങ്ങളിൽ റിലീസിങ്ങിനൊരുങ്ങുന്നത്. തൃക്കാക്കര ഉപതിരഞ്ഞെടുപ്പിൽ ഉമ തോമസിന് വേണ്ടി സൂപ്പർഹിറ്റ് പാരഡിഗാനം രചിച്ച് ശ്രദ്ധേയനായ പാട്ടെഴുത്തുകാരനാണ് പെരുമ്പാവൂർ ഷിബുദാസ്. പെരുമ്പാവൂർ ഗവ. എച്ച്.എസ്.എസ് ലെ ഏഴാം ക്ലാസ് വിദ്യാർത്ഥിനി പവിത ആലപിച്ച് ഫേസ് ബുക്ക് പേജിലൂടെ റിലീസ് ചെയ്ത, ''യു.ഡി.എഫിൻ പെൺകരുത്തിൽ വിജയം നേടാൻ എത്തുന്നു.... എന്ന് തുടങ്ങിയ ഉമതോമസ് ഗാനം 24 മണിക്കൂറിനുള്ളിൽ 2,10,000 ആളുകൾ കേട്ടു. തിരഞ്ഞെടുപ്പ് പ്രചാരണവേളയിലും ഈ പാട്ട് ഏറെ ഹിറ്റായിരുന്നു. അതിന്റെകൂടി ആവേശത്തിലാണ് ലോകകപ്പ് ഫുട്ബാളിൽ അ‌ർജന്റീനയുടെ ആരാധകരായ മലയാളികൾക്കുവേണ്ടി ഷിബുദാസ് പാരഡി എഴുതിയത്. കലാഭവൻ ബഷീർ എഡിറ്റ് ചെയ്ത വീഡിയോയാക്കിയ ഗാനം 20ന് സമൂഹമാദ്ധ്യമങ്ങളിലുടെ പുറത്തുവിടുമെന്ന് അണിയറ പ്രവർത്തകർ അറിയിച്ചു.