കോലഞ്ചേരി: ഭിക്ഷാടകർക്ക് ഇടത്താവളമായി പട്ടിമറ്റം മാറി. വെള്ളിയാഴ്ചതോറും ഉച്ചയ്ക്ക് ഇവർ സംഘമായി പട്ടിമറ്റത്ത് എത്തുന്നതിന് പിന്നിലുള്ള ആസൂത്രകനെ കണ്ടെത്താനുള്ള ശ്രമത്തിലാണ് നാട്ടുകാർ. മേഖലയിലെ ആരാധനാലയങ്ങളുടെ മുന്നിൽ തമ്പടിച്ച് പ്രാർത്ഥനകഴിഞ്ഞ് ഇറങ്ങുന്നവരുടെ അനുകമ്പ മുതലാക്കി പണം പിരിക്കുകയാണ് ലക്ഷ്യം.
കഴിഞ്ഞയാഴ്ച ടെമ്പോ ട്രാവലറിൽ ഇവരെ സംഘമായി പട്ടിമറ്റം ഡബിൾപാലം റോഡിൽ എത്തിച്ചതായി കണ്ടവരുണ്ട്. എന്നാൽ പലർക്കും പള്ളിയിൽ പോകേണ്ട തിരക്കിൽ ഇവരെ എത്തിച്ച വാഹനത്തെ ശ്രദ്ധിക്കാൻ കഴിഞ്ഞിരുന്നില്ല. ഭിക്ഷാടകരെ എത്തിക്കുന്ന മാഫിയയെ കണ്ടെത്തണമെന്ന വാശിയിലാണ് പട്ടിമറ്റത്തെ ഒരു പറ്റം യുവാക്കൾ.
തമിഴ്‌നാട്, ആന്ധ്ര എന്നിവിടങ്ങളിൽ നിന്നുള്ള യാചകസംഘമാണ് ഇവിടെ എത്തിയതെന്നാണ് സൂചനകൾ. നാട്ടുകാരെ പറ്റിച്ച് പിരിവെടുത്ത് ജീവിക്കുന്ന യാചകർ കൂട്ടമായാണ് ജില്ലയിലേക്ക് ഒഴുകുന്നത്. മണ്ഡലകാലമുൾപ്പെടെ മുതലെടുക്കുകയാണ് ലക്ഷ്യം.
* വിനോദസഞ്ചാര മേഖലകളിലും ഭിക്ഷാടനം
നേരത്തെ ജില്ലയിലെ വിനോദ സഞ്ചാര മേഖലകൾ കേന്ദ്രീകരിച്ച് ഒരു സംഘംതന്നെ തമ്പടിച്ചിരുന്നു. നിലവിൽ തമിഴ്നാട്ടിൽ തങ്ങിയാണ് ഇവർ സീസണുകൾ നോക്കി സംസ്ഥാനത്തേക്ക് എത്തുന്നത്. ഇവിടെ എത്തിയാൽ പുലർച്ചെ ഒരു സ്ഥലത്ത് ഒത്തുകൂടി ഭിക്ഷ യാചിക്കേണ്ട സ്ഥലങ്ങൾ ഇവർതന്നെ തീരുമാനിക്കും. പരമാവധി രണ്ടുമാസത്തോളമേ ഇവരെ ഒരു സ്ഥലത്തു കാണാനാകൂ. വീടുകൾ കയറിയിറങ്ങി പിരിവെടുക്കുന്ന രീതിമാറ്റി ആരാധനാലയങ്ങളാണ് നോട്ടം.
*വൻതുക സമ്പാദിച്ച് മടങ്ങുക ലക്ഷ്യം
ഗ്രാമീണമേഖലയിൽനിന്നു വൻതുക പിരിച്ചെടുക്കാമെന്നതും ഭിക്ഷാടകരെ ആകർഷിക്കുന്നുണ്ട്. ഒരു കുട്ടി ശരാശരി 200 രൂപയും മുതിർന്ന യാചകൻ 500 രൂപയും സമ്പാദിക്കുന്നുണ്ടെന്നാണ് കണക്ക്. കൈകാലുകളില്ലാത്ത കുട്ടികളെയും മെലിഞ്ഞ കുരുന്നുകളെയും മുന്നിൽ നിറുത്തി വൻതുക സമ്പാദിച്ചു മടങ്ങുകയാണ് ഭിക്ഷാടകരുടെ പതിവുരീതി. ഉത്സവ, പള്ളിപ്പെരുന്നാൾ തീയതികൾ ഭിക്ഷാടകർക്കും മാഫിയാ അംഗങ്ങൾക്കും മനഃപാഠമാണ്. എല്ലാ വർഷവും കൃത്യമായി ഉത്സവ സീസണുകൾ നോക്കി ജില്ലയിലെത്തുന്ന ഭിക്ഷാടകരുടെ എണ്ണം വളരെക്കൂടുതലാണ്. അധികാരികളുടെ ഭാഗത്തുനിന്ന് കർശന നടപടി വേണമെന്നാണ് ആവശ്യം.