വിരലടയാള പ്രശ്നത്തിൽ കുടുങ്ങി റേഷൻ വിതരണം
കൊച്ചി: സെർവർ തകരാർ മൂലം നാലാം ദിവസവും റേഷൻ വിതരണം മുടങ്ങി. ഹൈദരാബാദിൽ നിന്നുള്ള സാങ്കേതിക തകരാറാണ് കാരണമെന്ന് അധികൃതർ അറിയിച്ചു. തകരാർ പരിഹരിക്കുന്നതിനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്. തിരുവനന്തപുരത്തുള്ള സിവിൽ സപ്ലൈസ് വകുപ്പിന്റെ ഐ.ടി സെൽ മുഖേനെയാണ് പ്രശ്നം പരിഹാര ശ്രമങ്ങൾ. അടിയ്ക്കടി ഉണ്ടാകുന്ന ഇ പോസ് മെഷീനിലെ തകരാർ പരിഹരിക്കാത്തത് വലിയ പ്രതിസന്ധിയാണ് സൃഷ്ടിക്കുന്നതെന്ന് വ്യാപാരികൾ പറയുന്നു. നാല് വർഷം മുമ്പ് നടപ്പിലാക്കിയ ഇ പോസ് സംവിധാനം ആരംഭിച്ച നാൾ മുതൽ തകരാറിലാണ്. സൗജന്യ റേഷൻ ഉൾപ്പെടെയുള്ള റേഷൻ വിതരണം ഒരുറപ്പുമില്ലാത്ത രീതിയിലാണ് പുരോഗമിക്കുന്നത്. ഇ പോസ് മെഷീനിൽ വിരലടയാളം പതിയാത്തതാണ് കാരണം. കാർഡ് ഉടമ വന്നാൽ റേഷൻ വിതരണം ചെയ്യുന്നതിന് വലിയ കാലതാമസമാണ് നേരിടുന്നത്. മുൻഗണന കാർഡ് ഉടമകൾക്ക് സൗജന്യ റേഷനും സാധാരണ റേഷനും വിതരണം ചെയ്യുന്നതിന് രണ്ട് തവണ വിരലടയാളം രേഖപ്പെടുത്തണം. എന്നാൽ തകരാർ പരിഹരിക്കാത്തതിനാൽ ഇവർ റേഷൻ വാങ്ങാതെ തിരിച്ച് പോകേണ്ട അവസ്ഥയാണ്.
എല്ലാത്തവണയും മാസാവസാനം റേഷൻ വിതരണം ഉഷാറാകുമ്പോൾ ആകുമ്പോൾ ഇ പോസ് മെഷീൻ തകരാറിലാകാറുണ്ട്. എന്നാൽ ഇത്തവണ നേരത്തെ തന്നെ പ്രശ്നങ്ങൾ തുടങ്ങി.
ഒ.ടി.പി. ശരണം
വിരലടയാളം ഇ പോസ് മെഷീനിൽ പതിയാത്ത പ്രശ്നമുള്ളപ്പോൾ കാർഡുമായി ലിങ്ക് ചെയ്ത ഫോൺ ഉപയോഗിക്കാം. ഫോണിൽ ലഭിക്കുന്ന ഒ.ടി.പി. നമ്പർ ഒരു മിനിട്ടിനുള്ളിൽ മെഷീനിൽ എന്റർ ചെയ്താൽ മതി. പക്ഷേ പല കാർഡുടമകൾക്കും ഇത് സാദ്ധ്യമാകുന്നില്ല. ഫോണില്ല, ഇല്ലെങ്കിൽ ഉപയോഗിക്കാനറിയില്ല. പ്രായമേറിയവരാണെങ്കിൽ വിശേഷിച്ചും. ഈ മാസം മൂന്നും നാലും തവണ കടയിൽ വന്ന് മടങ്ങിപ്പോയവർ വരെയുണ്ട്. പരിഭവിക്കുന്നവരെയും കലഹമുണ്ടാക്കുന്നവരെയും കൊണ്ട് വിഷമിക്കുകയാണ് വ്യാപാരികൾ.
കംപ്യൂട്ടർ ശൃംഖലയിലെ സാങ്കേതിക പ്രശ്നമായതിനാൽ സർക്കാർ തലത്തിൽ നിന്ന് എത്രയും വേഗം പരിഹാരം കണ്ടെത്തി റേഷൻ വിതരണം സുഗമമാക്കണം.
എൻ. ഷിജീർ, സംസ്ഥാന സെക്രട്ടറി
കേരള സ്റ്റേറ്റ് റീട്ടെയ്ൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ