പട്ടിമറ്റം: അത്താണി വാലേത്തുപടി റോഡിൽ പെരിയാർവാലി കനാൽ കഴിഞ്ഞുള്ള കയറ്റത്തിൽ കുടിവെള്ള പൈപ്പ് പൊട്ടി വെള്ളം പാഴാകാൻ തുടങ്ങിയിട്ട് രണ്ടാഴ്ചയായി. സ്വകാര്യ വ്യക്തിയുടെ വീടിന് മുന്നിൽ നിന്നും കുടിവെള്ളം റോഡിലൂടെ ഒഴുകി പെരിയാർ കനാലിലേക്കാണ് എത്തുന്നത്. നിരവധി വീടുകൾ പൈപ്പു വെള്ളത്തെ മാത്രം ആശ്രയിക്കുന്ന ഈ മേഖലയിൽ കുടിവെള്ള ക്ഷാമം രൂക്ഷമാണ്. വീട്ടുടമ ഉൾപ്പടെ മേഖലയിലെ നിരവധി പേർ പഞ്ചായത്ത് അംഗത്തെയും വാട്ടർ അതോറിട്ടി അധികൃതരെയും പല തവണ അറിയിച്ചെങ്കിലും തിരിഞ്ഞു നോക്കിയില്ലെന്ന് പരാതിയുണ്ട്. നിശ്ചിത സമയത്താണ് ഈ ഭാഗത്തേക്ക് വെള്ളം തിരിച്ചു വിടുന്നത്. താഴ് ഭാഗത്ത് പൈപ്പ് പൊട്ടി വെള്ളം പാഴാകുന്നതിനാൽ മറ്റു ഭാഗങ്ങളിലേക്ക് കുടിവെള്ളം എത്തുന്നുമില്ല. അടിയന്തരമായി അറ്റകുറ്റപണി പൂർത്തിയാക്കണമെന്നാണ് ആവശ്യം.