snc
ആലുവ മുനിസിപ്പൽ പാർക്കിനു സമീപം ആലുവ ശ്രീനാരായണ ക്ലബ് ഓഫീസ് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമനും അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യയും ചേർന്ന് ഭദ്രദീപം തെളിച്ച് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: ശ്രീനാരായണ ഗുരുദേവന്റെ നാമധേയത്തിലുള്ള സംഘടനകളെല്ലാം ഗുരുദേവ ദർശനങ്ങൾ കൂടുതൽ പ്രചരിപ്പിക്കുന്നതിന് മുന്നിട്ടിറങ്ങണമെന്ന് ആലുവ അദ്വൈതാശ്രമം സെക്രട്ടറി സ്വാമി ധർമ്മചൈതന്യ പറഞ്ഞു.

ആലുവ ശ്രീനാരായണ ക്ലബ് ഓഫീസ് മുനിസിപ്പൽ പാർക്കിനുസമീപം എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമനൊപ്പം ഭദ്രദീപം തെളിച്ച് ഉദ്ഘാടനം നിർവഹിച്ചശേഷം സംസാരിക്കുകയായിരുന്നു സ്വാമി. ശ്രീനാരായണ ക്ളബ് ആലുവ മേഖലയിൽ നടത്തിവരുന്ന കാരുണ്യ - സേവന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. പുതിയ ഓഫീസ് തുറന്ന സാഹചര്യത്തിൽ കൂടുതൽ നല്ല നിലയിൽ പ്രവർത്തിക്കാൻ കഴിയട്ടെയെന്നും സ്വാമി ആശംസിച്ചു.

അർപ്പണബോധവും ആത്മാർത്ഥതയും നിറഞ്ഞവരാണ് ശ്രീനാരായണ ക്ളബിന്റെ പ്രവർത്തകരെന്ന് എസ്.എൻ.ഡി.പി യോഗം പ്രസിഡന്റ് ഡോ. എം.എൻ സോമൻ പറഞ്ഞു. സമൂഹത്തിലെ ഏറ്റവും നല്ല സംഘടനയായി ക്ളബ് മാറണമെന്നും അതിനായി ഒറ്റക്കെട്ടായി എല്ലാവരും പ്രവർത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ക്ലബ് പ്രസിഡന്റ് കെ.എസ്. സ്വാമിനാഥൻ അദ്ധ്യക്ഷത വഹിച്ചു.

ജി.സി.ഡി.എ മുൻ സെക്രട്ടറി എം.എൻ. സത്യദേവൻ, ആലുവ ശാഖാ പ്രസിഡന്റ് കെ.പി. രാജീവൻ, കങ്ങരപ്പടി ശാഖാ സെക്രട്ടറി പി.കെ. മനോഹരൻ, വയൽക്കര ശാഖാ പ്രസിഡന്റ് സി.എസ്. വേണു, പുതുവാശേരി ശാഖാ സെക്രട്ടറി എൻ. ലാലു, അടുവാശേരി ശാഖാ സെക്രട്ടറി കെ.കെ. സുനിൽ, പുറയാർ ശാഖാ സെക്രട്ടറി പൊന്നമ്മ കുമാരൻ, പുളിയനം ശാഖാ പ്രസിഡന്റ് നിഷ, യൂണിയൻ കമ്മിറ്റി അംഗം സൗമിനി സുനിൽ, ക്ളബ് ഭാരവാഹികളായ ടി.യു. ലാലൻ, കെ.ആർ. ബൈജു, ആർ.കെ. ശിവൻ, രാജു നെടുവന്നൂർ, ദിലീപ് തായിക്കാട്ടുകര, ടി.എസ്. അരുൺ, രൂപേഷ് മാധവൻ എന്നിവർ സംസാരിച്ചു. സെക്രട്ടറി കെ.എൻ. ദിവാകരൻ സ്വാഗതവും വൈസ് പ്രസിഡന്റ് കെ.കെ. മോഹനൻ നന്ദിയും പറഞ്ഞു.