മുവാറ്റുപുഴ: പ്രീ പ്രൈമറി കുട്ടികളിൽ മലയാളം, ഇംഗ്ലീഷ് , ഗണിതം എന്നിവ ലളിതവും രസകരവുമായി ഉറപ്പിക്കുന്നതിന് രക്ഷിതാക്കളുടെ സഹകരണത്തോടെ പായിപ്ര ഗവ.യു.പി സ്കൂളിൽ പഠനോപകരണ നിർമ്മാണ ശില്പശാല സംഘടിപ്പിച്ചു. പദങ്ങൾ, ലഘുവാക്യങ്ങൾ, കഥ, കവിത, വിവരണം മറ്റു ഭാഷാ വ്യവഹാരങ്ങൾ എന്നിവ ഉൾക്കൊള്ളുന്ന ചിത്രക്കാർഡുകൾ, കൊളാഷ് ചിത്രങ്ങൾ, അക്ഷരക്കാർഡുകൾ, ഗണിതം, ഇംഗ്ലീഷ് പഠനം എളുപ്പമാക്കുന്നതിന് വേണ്ടിയുള്ള സാമഗ്രികളുമാണ് ശില്പശാലയിലൂടെ നിർമ്മിച്ചത്. പഠനോപകരണങ്ങൾ രക്ഷിതാക്കളുടെ സഹകരണത്തിലൂടെ തയ്യാറാക്കിയതിലൂടെ ക്ലാസ് റൂം പഠന പ്രവർത്തനങ്ങൾ രക്ഷിതാക്കൾക്ക് മനസിലാക്കാനും തുടർ പ്രവർത്തനങ്ങളിൽ പങ്കാളിയാവാനും സാധിക്കും.സ്കൂളിൽ നടന്ന ശില്പശാല ഡോ. അനുപമ ശങ്കർ ഉദ്ഘാടനം ചെയ്തു. ഹെഡ്മിസ്ട്രസ് വി.എ. റഹീമബീവി അദ്ധ്യക്ഷത വഹിച്ചു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോമോൻ മുഖ്യപ്രഭാഷണം നടത്തി. ശുഭ കെ . ശശി, ഷെഫീന വി.പി, അനീസ കെ.എം എന്നിവർ സംസാരിച്ചു. അദ്ധ്യാപകൻ കെ.എം നൗഫൽ ശില്പശാലയ്ക്ക് നേതൃത്വം നൽകി.