വൈപ്പിൻ: സംസ്ഥാനത്തെ സഹകരണ പ്രസ്ഥാനത്തിന്റെ പ്രവർത്തനങ്ങൾ രാജ്യത്തിന് ഉദാത്ത മാതൃകയാണെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദു. സാധാരണക്കാരുടെ അത്താണിയായി പ്രവർത്തിക്കുന്നതോടൊപ്പം ഉയർന്നുവരുന്ന സാമ്പത്തിക പ്രതിസന്ധിക്ക് ബദലാകാനും സഹകരണ പ്രസ്ഥാനത്തിന് സാധിക്കും. 69-ാമത് അഖിലേന്ത്യാ സഹകരണ വാരാഘോഷത്തിന്റെ ജില്ലാതല ഉദ്ഘാടനം ഓച്ചന്തുരുത്ത് സഹകരണ ബാങ്ക് ഓഡിറ്റോറിയത്തിൽ നിർവ്വഹിക്കുകയായിരുന്നു മന്ത്രി.
കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ. അദ്ധ്യക്ഷത വഹിച്ചു. മുൻസഹകരണമന്ത്രി എസ്. ശർമ്മ, സഹകരണ സംഘം ജോ. രജിസ്ട്രാർ കെ. സജീവ് കർത്ത, റീജിയണൽ മാനേജർ ഡോ. എൻ. അനിൽകുമാർ, കൺസ്യൂമർ ഫെഡ് വൈസ് ചെയർമാൻ പി.എം. ഇസ്മയിൽ, സഹകരണ സർക്കിൾ യൂണിയൻ ചെയർമാൻ കെ.വി. എബ്രാഹാം, ഓച്ചന്തുരുത്ത് ബാങ്ക് പ്രസിഡന്റ് ആന്റണി കളരിക്കൽ, വി.എം. ശശി തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് സഹകരണ സംഘങ്ങളുടെ വളർച്ചയും ഭാവിയും എന്ന വിഷയത്തിൽ സെമിനാർ നടത്തി.