malinyam
മഴുവന്നൂരിൽ കനാലിനു സമീപത്ത് രാസ മാലിന്യം തള്ളിയ നിലയിൽ

കോലഞ്ചേരി: മഴുവന്നൂർ പഞ്ചായത്തിലെ വില്ലേജ് ഓഫീസ് ജംഗ്ഷൻ, കല്ലിടക്കുഴി പീടിക, സർവീസ് സ്​റ്റേഷൻ എന്നിവിടങ്ങളിൽ രാത്രികാലങ്ങളിൽ കക്കൂസ് മാലിന്യവും കമ്പനികളിൽ നിന്നുള്ള രാസമാലിന്യവും ഒഴുക്കുന്നത് പ്രദേശവാസികളെ ദുരിതത്തിലാക്കുന്നു. തൊഴിലുറപ്പ് തൊഴിലാളികൾക്ക് കനാലിൽ പണിയെടുക്കാൻ കഴിയാത്ത സാഹചര്യമാണ്. പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങൾക്കും ഇത് കാരണമാകുന്നു.

കനാലിനോട് ചേർന്ന് നിരവധി ശുദ്ധജല സ്രോതസുകളുമുണ്ട്. ഇതിലേക്ക് മലിനജലം എത്തുമെന്ന ആശങ്കയിലാണ് പ്രദേശവാസികൾ. കഴിഞ്ഞ ഒരാഴ്ചയിലധികമായി കുന്നത്തുനാടിന്റെ വിവിധ മേഖലകളിൽ ഇത്തരത്തിൽ മാലിന്യം തള്ളിയിരുന്നു. ആൾസഞ്ചാരം കുറഞ്ഞ മേഖലകൾനോക്കി കനാലിലേക്ക് പോകുന്ന ചെറിയ വെള്ളച്ചാലുകളിലാണ് മാലിന്യം തള്ളുന്നത്. ഇത് മഴപെയ്യുമ്പോൾ വൻതോതിൽ കനാലിലേയ്ക്ക് ഒലിച്ചിറങ്ങും. രാത്രിയുടെ മറവിൽ നടക്കുന്ന സാമൂഹ്യവിരുദ്ധ പ്രവർത്തനത്തെ കർശനമായി നേരിടണമെന്നാണ് ആവശ്യം