ആലുവ: വൃശ്ചികം പിറന്നതോടെ നാടും നഗരവും ശരണം വിളികളും ശബരിമല തീർത്ഥാടകരാലും നിറഞ്ഞിട്ടും ആലുവ ശിവരാത്രി മണപ്പുറത്തെ ഇടത്താവളം മാത്രം ഒരുങ്ങിയില്ല. മണപ്പുറം മഹാദേവ ക്ഷേത്രത്തിന് ചുറ്റും പതിവായുള്ള താത്കാലിക പന്തൽ ഇക്കുറിയില്ല. നടപ്പന്തലിന് മുമ്പിൽ ചെറിയ മേൽക്കൂരമാത്രം നിർമ്മിക്കാനുള്ള ഒരുക്കങ്ങൾ ഇന്നലെ തുടങ്ങിയിട്ടേയുള്ളു.
മണപ്പുറത്തെ വാഹനപാർക്കിംഗിനായി കാടും വെട്ടിത്തെളിച്ചില്ല. ചുറ്റമ്പലത്തിന് ചുറ്റും മേൽക്കൂര സ്ഥാപിക്കാനും കാടുവെട്ടിത്തെളിക്കാനും പണമില്ലെന്നാണ് ദേവസ്വം ബോർഡ് പറയുന്നത്. കഴിഞ്ഞദിവസം മണപ്പുറത്തെത്തിയ ദേവസ്വം ബോർഡ് പ്രസിഡന്റ് എ. അനന്തഗോപനോട് ക്ഷേത്രോപദേശക സമിതി ഒരുക്കങ്ങളെക്കുറിച്ച് പറഞ്ഞപ്പോഴാണ് പണമില്ലെന്ന മറുപടി ലഭിച്ചത്.
ദേശീപാത വഴി കടന്നുപോകുന്ന വടക്കൻജില്ലകളിൽ നിന്നുള്ള തീർത്ഥാടകരുടെ മുഖ്യ ഇടത്താവളമാണ് മണപ്പുറം. മണ്ഡലകാലം ആരംഭിച്ചാൽ രാവുംപകലും ഇവിടെ ഭക്തരുടെ തിരക്കായിരിക്കും. കൊവിഡിന് മുമ്പുള്ള വർഷങ്ങളിലെല്ലാം വൃശ്ചികം തുടങ്ങും മുമ്പ് ഇടത്താവളത്തിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയാക്കിയിരുന്നു. ഇക്കുറി വൈകിയെന്ന് മാത്രമല്ല ഭക്തർക്ക് സാധാരണയായി ലഭിച്ചിരുന്ന സൗകര്യങ്ങളുമില്ല.
*ദേവസ്വം ബോർഡിന്റെ അനാസ്ഥ
രാത്രിയെത്തുന്ന ഭക്തർ വിരിവെച്ച് പുലർച്ചെ പെരിയാറിൽ മുങ്ങിക്കുളിച്ച് ക്ഷേത്രദർശനം നടത്തി യാത്രതുടരുകയാണ് രീതി. ഇതെല്ലാം അറിയാമായിരുന്നിട്ടും ദേവസ്വം ബോർഡ് അനാസ്ഥ കാണിച്ചെന്നാണ് നാട്ടുകാരുടെ പരാതി. വാഹനപാർക്കിംഗ് ഏരിയയിൽ സ്വകാര്യവ്യക്തിക്ക് ഹോട്ടൽ നടത്തുന്നതിന് ബോർഡ് സൗകര്യം നൽകിയതുമാത്രമാണ് സമയബന്ധിതമായി പൂർത്തിയാക്കിയത്. ബസ് ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്ക് തിരിയാനും സ്ഥലമില്ലാതായി. വാഹനങ്ങൾ കാട്ടിൽ പാർക്ക് ചെയ്യേണ്ട അവസ്ഥയാണ്.
*പൊലീസ് എയ്ഡ് പോസ്റ്റും തുറന്നില്ല
മണപ്പുറത്തെ സ്ഥിരം എയ്ഡ് പോസ്റ്റ് പൂട്ടിയെന്ന് മാത്രമല്ല, മണ്ഡലകാലത്തെ താത്കാലിക പൊലീസ് സേവനവും ആരംഭിച്ചിട്ടില്ല. പല ദുരനുഭവങ്ങളും ഉണ്ടായിട്ടും പൊലീസ് സേവനം ഉറപ്പാക്കാൻ ദേവസ്വം ബോർഡിന് ആയിട്ടില്ല.
രാത്രി ഭക്ഷണം നൽകുമെന്ന് ബോർഡ്
മണപ്പുറത്തെത്തുന്ന ശബരിമല തീർത്ഥാടകർക്കെല്ലാം രാത്രി സൗജന്യമായി കഞ്ഞി നൽകുന്നതിനുള്ള ഒരുക്കങ്ങൾ പൂർത്തിയായെന്ന് മണപ്പുറം ദേവസ്വം അഡ്മിനിസ്ട്രേറ്റർ എസ്.ആർ. രാജീവ് പറഞ്ഞു.