പറവൂർ: മഹാരാജാസ് കോളേജ് മുൻ പ്രിൻസിപ്പലും വാഗ്മിയുമായിരുന്ന പ്രൊഫ. കെ.എൻ. ഭരതന്റെ 85-ാം ജന്മദിനാചരണം നാളെ നടക്കും. ഭരതൻ മാഷ് ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ വൈകിട്ട് നാലിന് ചേന്ദമംഗലം നായർ സമാജം ഹാളിൽ നടക്കുന്ന സമ്മേളനം മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും. ഫൗണ്ടേഷൻ ചെയർമാൻ എസ്. ശർമ അദ്ധ്യക്ഷത വഹിക്കും. മുഖ്യപ്രഭാഷണവും യൂട്യൂബ് ചാനൽ സ്വിച്ച് ഓൺ കർമ്മവും പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നിർവഹിക്കും. ഫോക്ക്ലോർ അക്കാഡമിയുടെ നാടൻപാട്ട് അരങ്ങേറും. കെ എൻ ഭരതന്റെ സ്മരണ നിലനിർത്തുന്നതിനായി ജന്മനാട്ടിൽ ഉചിതമായ സ്മാരകം നിർമ്മിക്കണമെന്ന് ജില്ലാ പഞ്ചായത്തംഗം എ.എസ്. അനിൽകുമാർ, ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എം. ജോർജ് വർക്കി, എൻ.എ. സോജു എന്നിവർ ആവശ്യപ്പെട്ടു.