തൃപ്പൂണിത്തുറ: റെയിൽവേ സ്റ്റേഷൻ റോഡിലൂടെ മെട്രോ നിർമാണത്തിനാവശ്യമായ സാധനസാമഗ്രികളുമായി ടോറസ്, ടിപ്പർ അടക്കമുള്ള വാഹനങ്ങൾ കടന്നുപോകുന്നതുമൂലം യാത്രക്കാർ അനുഭവിക്കുന്ന ബുദ്ധിമുട്ട് അടിയന്തരമായി പരിഹരിക്കണമെന്ന് തൃപ്പൂണിത്തറ രാജനഗരി യൂണിയൻ ഓഫ് റെസിഡന്റ്സ് അസോസിയേഷൻ (ട്രൂറ) ചെയർമാൻ വി.പി.പ്രസാദും കൺവീനർ വി.സി. ജയേന്ദ്രനും ആവശ്യപ്പെട്ടു.
എട്ട് വർഷം മുമ്പ് പി.രാജീവ് എം.പി.യുടെ ഫണ്ട് ഉപയോഗിച്ച് റെയിൽവേയുടെ മേൽനോട്ടത്തിൽ പുനർനിർമിച്ച റോഡിന് ഇതുവരെ യാതൊരു കേടുപാടുകളും ഇല്ലായിരുന്നു. എന്നാൽ മെട്രോ നിർമാണം ആരംഭിച്ചതോടെ ഭാരമുള്ള നിർമാണ സാമഗ്രികളുമായി വാഹനങ്ങൾ വരികയും റോഡ് പൊട്ടിപൊളിഞ്ഞ് പൊടി നിറഞ്ഞ് നൂറു കണക്കിന് യാത്രക്കാരെ ദുരിതത്തിലാക്കുകയും ചെയ്തു.
മെട്രോയ്ക്ക് സ്വന്തമായി റോഡില്ലാത്തതിനാൽ ഈ അവസ്ഥ ഉദ്ഘാടനം വരെ തുടരും. യാത്രക്കാർക്ക് സ്റ്റേഷനിലേക്ക് സുഗമമായി എത്താൻ റെയിൽവേ നടപടി സ്വീകരിക്കണമെന്ന് ട്രൂറ ആവശ്യപ്പെട്ടു.