നെടുമ്പാശേരി: ചെങ്ങമനാട് ഗ്രാമപഞ്ചായത്തിൽ പൊതുശ്മശാനം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി ചെങ്ങമനാട് പഞ്ചായത്ത് കമ്മിറ്റി പഞ്ചായത്ത് സെക്രട്ടറിക്ക് നിവേദനം നൽകി. പട്ടികജാതി കോളനികളുൾപ്പെടെ നിരവധിപ്പേർ തിങ്ങിപ്പാർക്കുന്ന പഞ്ചായത്തിലെ ജനങ്ങൾ മൃതദേഹ സംസ്കാരത്തിനായി അയൽപ്രദേശങ്ങളിലെ ശ്മശാനങ്ങളെ ആശ്രയിക്കേണ്ട അവസ്ഥയാണ്. നിശ്ചയിക്കുന്ന സമയത്ത് സംസ്‌കാരം നടത്താനാകാത്തതിനാൽ ജനങ്ങൾ പ്രയാസപ്പെടുകയാണ്. ഈ സാഹചര്യത്തിൽ ചെങ്ങമനാട് പഞ്ചായത്തിൽ അടിയന്തരമായി ആധുനിക ശ്മശാനം നിർമ്മിക്കണമെന്ന് ബി.ജെപി ആവശ്യപ്പെട്ടു.
നെടുമ്പാശേരി മണ്ഡലം പ്രസിഡന്റ് രൂപേഷ് പൊയ്യാട്ട്, പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് പി.ആർ. പ്രസന്നകുമാർ, പഞ്ചായത്ത് മെമ്പർമാരായ ലത ഗംഗാധരൻ, വിജിത വിനോദ്, പഞ്ചായത്ത് ജനറൽ സെക്രട്ടറി വിനോദ് കണ്ണിക്കര, മണ്ഡലം ഐ.ടി. കൺവീനർ സായന്ത് മധുസൂദനൻ എന്നിവർ സന്നിഹിതരായിരുന്നു.